അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസ് അസറ്റ് 2026- ന് സമാപിച്ചു.
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കെമിക്കൽ എൻജിനീയറിങ് വകുപ്പ് സംഘടിപ്പിച്ച അസറ്റ് 2026 അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും അധ്യാപകരും പങ്കെടുത്തു. എ ഐ ആൻഡ് സസ്റ്റയിനബിലിറ്റി എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സമ്മേളനത്തിൽ . യുകെയിലെ ദുർഹാം യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സെലെൻറ്റോ ഇറ്റലി, അമേരിക്കയിലെ കോളാർഡോ ബൗൾഡർ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ യുഎൻഎസ്ഡബ്ലൂ റിസേർച്ച് സെന്റർ, വെസ്റ്റേൺ ഓസ്ട്രേലിയൻ സ്കൂൾ ഓഫ് മൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ നിരവധി ഗവേഷകർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും സുസ്ഥിര വികസനം, കൃത്രിമ ബുദ്ധി, പരിസ്ഥിതി സംരക്ഷണം, നൂതന എഞ്ചിനീയറിങ് സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പെസ്സോ (PESO) -യുടെ മുൻ ജോ.ചീഫ് കൺട്രോളറും നിലവിൽ ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ (National Green Hydrogen Mission) കീഴിലുള്ള നാഷണൾ ഹൈഡ്രജൻ സേഫ്റ്റി പാനൽ അംഗവുമായ ഡോ. വേണുഗോപാൽ ആർ. സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . വ്യവസായ സുരക്ഷ, ഹരിത ഹൈഡ്രജൻ, സുസ്ഥിര സാങ്കേതികവിദ്യകൾ എന്നിവയുടെ ഭാവിസാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് കെമിക്കൽ വിഭാഗം മുൻ മേധാവിയും, കെമിക്കൽ എൻജിനീയറിംഗ് വിഷയത്തിൽ നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫ. ബി. ലക്ഷ്മിക്കുട്ടിയമ്മ പ്രകാശനം ചെയ്തു.മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ വിവിധ സാങ്കേതിക സെഷനുകൾ, മുഖ്യപ്രഭാഷണങ്ങൾ, ഗവേഷണ പ്രബന്ധങ്ങളുടെ അവതരണങ്ങൾ, അക്കാദമിക്-വ്യവസായ സംവാദങ്ങൾ എന്നിവ നടന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും വ്യവസായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം അക്കാദമിക മികവിന്റെയും അന്തർദേശീയ സഹകരണത്തിന്റെയും മികച്ച വേദിയായി മാറി.
