KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ സിനിമാ വസന്തം ; മൂന്നു സ്ക്രീൻ 4K ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു .

കാഞ്ഞിരപ്പള്ളി : ആറുവർഷത്തെ ഇടവേളയ്ക്കുശേഷം കാഞ്ഞിരപ്പള്ളിയിൽ 4K തിയറ്റർ സമുച്ചയം തുറക്കുമെന്ന വാർത്ത കാഞ്ഞിരപ്പള്ളിയിലെ
സിനിമാപ്രേമികൾക്ക് ഏറെ ആഹ്ളാദം പകരുന്നു. കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് ഓപ്പേറ തിയേറ്റർ കെട്ടിടത്തിലാണ് കണ്ണൂർഎസ്.ജെ. ഗ്രൂപ്പ് മൂന്ന് തിയേറ്ററുകൾ സജ്ജമാക്കുന്നത്. 4K ദൃശ്യ സാങ്കേതികവിദ്യയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവും ഉൾപ്പെടെയുള്ള ആധുനിക തിയേറ്ററുകളാണ് ഇവിടെ ഒരുങ്ങുന്നത്. മൂന്ന് തിയേറ്ററുകളിലുമായി 750 സീറ്റുണ്ടാകും.
കഴിഞ്ഞ ദിവസം നിർമാണം തുടങ്ങി. ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.

കോവിഡു കാലം സിനിമാപ്രേമികൾക്ക് സമ്മാനിച്ച ദുഃഖമായിരുന്നു കാഞ്ഞിരപ്പള്ളിയിലെ രണ്ട് തിയേറ്ററുകളും നിലച്ചത്.
കാഞ്ഞിരപ്പള്ളിക്കാരെ സിനിമാ കാണാൻ പഠിപ്പിച്ച ഗ്രാൻഡ് ഒപ്പേറ, ബേബി തിയേറ്ററുകളാണ് പൂട്ടിപ്പോയത്. അതോടെ 2020-നുശേഷം സിനിമാ കാണാൻ കിലോമീറ്ററുകൾ യാത്ര ചെയ്ത് എത്തണമായിരുന്നു. പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെത്തി വേണമായിരുന്നു സിനിമാപ്രേമികൾ സിനിമാ കാണുന്നത്. ഇതോടെ വിനോദത്തിനായി ഒന്നുമില്ലാതിരുന്ന കാഞ്ഞിരപ്പള്ളിക്കാർക്ക് രണ്ടിന് പകരം മൂന്ന് തിയേറ്ററുകളാണ് സജ്ജമാകുന്നത്.

പുതിയ തിയറ്റർ യാഥാർഥ്യമാകുന്നതോടെ വിനോദത്തിനൊപ്പം പ്രാദേശിക വ്യാപാര മേഖലയ്ക്കും ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കുടുംബങ്ങൾക്കും, സ്ത്രീകൾക്കും , വിദ്യാർഥികൾക്കും യുവാക്കൾക്കും ദുരയാത്രയില്ലാതെ മികച്ച സിനിമാ അനുഭവം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലുമാണ്. പഴയ ഗ്രാൻഡ് ഓപ്പേറ തിയേറ്ററിൽ , സ്ഥല പരിമിതി മൂലം , വാഹന പാർക്കിങ് ഒരു പ്രശ്നമായിരുന്നു . അതിനൊരു പരിഹാരം കണ്ടെത്തിയാൽ, പുതിയ തീയേറ്ററുകൾ വാൻ വിജയം ആകുമെന്നുറപ്പാണ് .

കാഞ്ഞിരപ്പള്ളിയിലെ സിംഗിൾ സ്ക്രീൻ തിയറ്ററുകളായിരുന്നു ബേബി ടാക്കീസും ഗ്രാൻഡ് ഓപ്പറയും. 1950ൽ പ്രവർത്തനം ആരംഭിച്ച ബേബി തിയറ്റർ ഏകദേശം 70 വർഷത്തോളം കാഞ്ഞിരപ്പള്ളിയിലെ പ്രധാന സിനിമ തിയറ്ററായിരുന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ 100 ദിവസം പിന്നിട്ടപ്പോൾ അതിന്റെ ആഘോഷങ്ങൾക്ക് സിനിമാ താരങ്ങൾ എത്തിയിട്ടുണ്ട്. 1981 ൽ നെടുമുടി വേണു, പ്രേംനസീർ, ലക്ഷ്മി ടീമിന്റെ ‘വിടപറയും മുൻപേ” യെന്ന സൂപ്പർ ഹിറ്റ് ചിത്രം കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററിൽ ആയിരുന്നു റിലീസ് ചെയ്തത്. തുടർച്ചയായി 100 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയപ്പോൾ , ബേബി തീയേറ്ററിൽ വലിയ ആഘോഷം നടത്തിയിരുന്നു. കോവിഡ് ലോക്‌ഡൗൺ കാലമായ 2020ൽ പ്രവർത്തനം അവസാനിപ്പിച്ച കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട ബേബി തീയേറ്റർ പിന്നീട് വീണ്ടും തുറന്നില്ല.

1996 ൽ ആരംഭിച്ച ഗ്രാൻഡ് ഓപ്പറ തിയറ്റർ കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു പ്രധാന തിയറ്ററായിരുന്നു. 2020 അവസാനത്തോടെ ഇതിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ 6 വർഷത്തിലേറെയായി കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന സിനിമാ തിയറ്ററുകളില്ല എന്നത് കാഞ്ഞിരപ്പള്ളിക്കാരുടെ സ്വകാര്യ ദുഃഖമാണ് . അതിനൊരു പരിഹാരമായി മൂന്ന് അടിപൊളി തീയേറ്ററുകൾ തുറക്കുന്നുവെന്ന വാർത്ത കാഞ്ഞിരപ്പള്ളിക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു .

error: Content is protected !!