വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഓരുങ്കൽകടവ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
എരുമേലി : മണിമലയാറിലെ എരുമേലി ഒഴക്കനാട് ഓരുങ്കൽകടവ് കോസ്‌വേ പാലത്തിൽ ശനിയാഴ്ച മുതൽ ഗതാഗതമായി. വെള്ളപ്പൊക്കത്തിൽ കൈവരികൾ ഒലിച്ചുപോയതിനെ തുടർന്ന് ഒരാഴ്ചയായി പാലത്തിൽ ഗതാഗതവും കാൽനടയാത്രയും അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ വാർഡ് അംഗം നാസർ പനച്ചിയുടെ സാന്നിധ്യത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പാലത്തിൽ ഗതാഗതം അനുവദിക്കുകയായിരുന്നു. ഒപ്പം താൽക്കാലിക കൈവരികളുടെ നിർമാണവും ആരംഭിച്ചു.
സ്ഥിരം കൈവരികൾ മൂന്ന് മാസത്തിനകം നിർമിക്കുമെന്ന് മരാമത്ത് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 31 ന് അർദ്ധരാത്രിയോടെ ആണ് മണിമലയാർ കരകവിഞ്ഞ് പാലം വെള്ളത്തിൽ മുങ്ങിയത്. കൈവരികൾ നേരത്തെ ഊരി മാറ്റിയിരുന്നില്ല. വെള്ളപ്പൊക്കത്തിലെ ശക്തമായ ഒഴുക്കിൽ കൈവരികൾ തകർന്ന് ഒലിച്ചുപോയി. ഒട്ടേറെ മരങ്ങൾ ഒഴുക്കിൽ വന്ന് പാലത്തിൽ അടിഞ്ഞിരുന്നു. നദിയിൽ വെള്ളം താഴ്ന്നതോടെ പാലത്തിൽ നിന്നും വെള്ളം ഇറങ്ങിയപ്പോൾ ചെളിയും കല്ലുകളും മണ്ണും പാലത്തിൽ അടിഞ്ഞ നിലയിലായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവയെല്ലാം നീക്കിയെങ്കിലും കൈവരികൾ ഇല്ലാത്തതിനാൽ ഗതാഗതം അപകടത്തിൽ ആകുമെന്ന ആശങ്കയിൽ പാലം അടച്ചിടുകയായിരുന്നു.
പാലം അടച്ചതോടെ ഒരാഴ്ചയായി നാട്ടുകാർ യാത്രാ ദുരിതത്തിലായിരുന്നു. എരുമേലി ടൗൺ റോഡ് വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പാലത്തിന്റെ അക്കരെ കുറുവാമുഴി ഭാഗത്തേക്ക് പോയിരുന്നത്. കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെ കുറുവാമുഴിയിൽ നിന്നും ഈ റോഡ് ഒഴിവാക്കി എരുമേലിയ്ക്ക് വരാവുന്ന ബൈപാസ് റോഡിലാണ് ഓരുങ്കൽകടവ് പാലം. ഉയരം കുറഞ്ഞ കോസ്‌വേ പാലമായതിനാൽ മണിമലയാറിൽ വെള്ളപ്പൊക്കം ഉണ്ടായാൽ പാലം വെള്ളത്തിലാകും. എരുമേലിയിലേക്കും കുറുവാമുഴിയിലേക്കും ഒഴക്കനാട് ഭാഗത്തേക്കും എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാനുള്ള പാത കൂടിയാണ് പാലം ഉൾപ്പെടുന്ന ബൈപാസ് റോഡ്. ശബരിമല സീസണിൽ എരുമേലി ടൗൺ റോഡിലെ ഗതാഗത തിരക്ക് പരിഹരിക്കാൻ ഈ ബൈപാസ് റോഡ് വഴി ഗതാഗതം തിരിച്ചുവിടാറുണ്ട്. എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണ് ഓരുങ്കൽകടവ് പാലം. ഇന്നലെ മരാമത്ത് വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയിൽ പാലത്തിന് അപകടകരമായ തകരാറുകൾ കണ്ടെത്താനായില്ലന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
