മുക്കൂട്ടുതറ കൊല്ലമുളയിൽപുലിയെ കണ്ടെന്ന് അഭ്യൂഹം ; പുലിയല്ല , അത് കാട്ടുപൂച്ചയാകാമെന്ന് വനംവകുപ്പ്.
മുക്കൂട്ടുതറ : കൊല്ലമുള സന്തോഷ് കവല ഭാഗത്ത് രാത്രിയിൽ പുലിയെ കണ്ടെന്ന പ്രചരണത്തിൽ കഴമ്പില്ലന്ന് വനം വകുപ്പ്. രാത്രിയിലെ ഇരുൾ നിറഞ്ഞ കാഴ്ചയിൽ പുലി ആണെന്ന് ഭീതി തോന്നിയതാകാമെന്ന് സ്ഥലം പരിശോധിച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പ്രദേശത്ത് കാട്ടുപൂച്ചകളുടെയും പാക്കാൻ എന്ന മൃഗത്തിന്റെയും സാന്നിധ്യമുണ്ടെന്നും ഈ മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ തന്നെ ഓടി മറയുന്ന പ്രകൃതം ആണെന്നും ഭീതി വേണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ സന്തോഷ് കവല ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. ദീപു എന്ന യുവാവ് ആണ് ആദ്യം ജീവിയെ കണ്ടത്. വീടിന് സമീപത്ത് തറയിൽ പാറക്കല്ലിൽ ഇരുന്ന ജീവി ദീപുവിനെ കണ്ട് ഓടിപ്പോയി. വെച്ചുചിറ പഞ്ചായത്ത് ആറാം വാർഡാണ് പ്രദേശം. വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വാർഡ് അംഗം റെസി ജോഷിയും എത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് സമീപ സ്ഥലത്ത് അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് സ്ഥലവും പരിശോധിച്ചു. എന്നാൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് സ്ഥിരീകരണം നൽകാവുന്ന തെളിവുകൾ ലഭിച്ചില്ല. പുലിയുടെ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിർദേശപ്രകാരം വനപാലകർ പ്രദേശത്ത് രാത്രിയിൽ ക്യാമ്പ് ചെയ്ത് പട്രോളിംഗ് നടത്തി. കണമല ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പി കെ ബൈജുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് ഷിജു, എം എസ് അഖിൽ, എൻ സുജാത, എം ജെ ഷീബ എന്നിവർ ഉൾപ്പെട്ട വനപാലക സംഘം ആണ് പരിശോധന നടത്തിയത്.

