KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതിയിൽ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളുമായി എ.ഐ. കോൺക്ലേവ് 2026.

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എൻജിനീയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റബർ 15 , 16 തീയതികളിൽ എ.ഐ. കോൺക്ലേവ് സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 9.30 ന് കോട്ടയം എം പി ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ, പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ് സ്വാഗതവും, കോളേജ് ഗവേണിങ്ങ് ബോഡി ചെയർമാൻ റവ ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ അദ്ധ്യക്ഷ്യ പ്രസംഗവും, പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെ മുഖ്യപ്രഭാക്ഷണവും, ‍‍‍ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.‍ഡോ റോയി പഴേപറമ്പിൽ ആശംസയും, കോൺക്ലേവ് കോ-ഓർഡിനേറ്റർ ബിനുമോൻ ജോസഫ് ക‍ൃതജ്ഞതയർപ്പിക്കും.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ എഐയുടെ സാധ്യതകളും പ്രായോഗിക പ്രയോഗങ്ങളുമാകും കോൺക്ലേവിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, വ്യവസായ വിദഗ്ധർ, സംരംഭകർ, സാങ്കേതികവിദഗ്ധർ തുടങ്ങി വിവിധ മേഖലയിൽ നിന്നുളളവർ കോൺക്ലേവിൽ പങ്കെടുക്കും. കൃത്രിമബുദ്ധിയുടെ അതിവേഗ വളർച്ചയും വിവിധ മേഖലകളിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും എത്തിക്കുക എന്നത് കൂടിയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.

ടിസിഎസ്, യു.എസ്.ടി., മേക്കർ വില്ലേജ്, ഐസിഫോസ്, ജി3 ക്ലൗഡ് ഇന്നൊവേഷൻസ് തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, സാങ്കേതിക വർക്ക്ഷോപ്പുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് എഐ, മെഷീൻ ലേണിങ്, പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, വ്യവസായ രംഗത്തെ എഐയുടെ പ്രായോഗിക ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ നേരിട്ട് പഠിക്കാനും പ്രായോഗിക പരിചയം നേടാനുള്ള അവസരം കൂടി ലഭിക്കുന്നതാണ്.

വിദ്യാർഥികളുടെ സാങ്കേതിക കഴിവുകളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് മണിക്കൂർ നീളുന്ന എഐ ഹാക്കത്തോൺ കോൺക്ലേവിന്റെ പ്രധാന ആകർഷണമായിരിക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള ഹാക്കത്തോൺ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സ്വന്തം ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനും ഇതിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

ഓരോ ടീമും കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മൂന്ന് മേഖലകളിൽ ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കണം. പദ്ധതികൾ സോഫ്റ്റ് വെയർ, ഹാർഡ് വെയർ, നോൺ-ടെക്നിക്കൽ എന്നീ ട്രാക്കുകളിൽ അവതരിപ്പിക്കാം. പ്രാഥമിക ആശയ തിരഞ്ഞെടുപ്പോ ഷോർട്ട്ലിസ്റ്റിങ്ങോ ഉണ്ടായിരിക്കില്ല. വിദ്യാർഥികൾക്ക് പരിപാടിക്ക് മുമ്പ് വീട്ടിൽവച്ച് പദ്ധതികൾ തയ്യാറാക്കി വരികയോ, അല്ലെങ്കിൽ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള സെഷനിൽ വേദിയിൽവച്ച് തന്നെ പദ്ധതി വികസിപ്പിക്കുകയോ ചെയ്യാം.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികച്ച എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച നവീകരണങ്ങൾക്കും വിദ്യാർത്ഥി പദ്ധതികൾക്കും സ്കൂൾ, കോളജ് വിഭാഗങ്ങളിലെ മികച്ച പ്രകടനങ്ങൾക്കും സമ്മാനങ്ങളും മെമന്റോകളും നൽകും.എഐയുടെ വളർച്ച തൊഴിൽരംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യവസായ മേഖലയിലും സൃഷ്ടിക്കുന്ന മാറ്റങ്ങളും അതിനനുസരിച്ച് യുവതലമുറ കൈവരിക്കേണ്ട പുതിയ കഴിവുകളും ചർച്ചകളിൽ വിഷയമാകും.സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിദഗ്ധരുമായി സംവദിക്കാനും, പുതിയ സാങ്കേതികവിദ്യകൾ നേരിട്ട് പരിചയപ്പെടാനും, വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനും, ഹാക്കത്തോണിലൂടെ സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും എഐ കോൺക്ലേവിൽ അവസരുമുണ്ട്.

16 -ാം തീയതി വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം കളക്ടർ ചേതൻ കുമാർ മീണ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ച് ഹാക്കത്തോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കോൺക്ലേവിന്റെ കോർഡിനേറ്റർ മിഥുൻ പി മാത്യു നന്ദി പ്രകാശനം നടത്തും. കേരള വിഷൻ , കാരിത്താസ് ഹോസ്പിറ്റൽ എന്നവരുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിവിധ കോളേജിൽ നിന്നും സ്കൂളിൽ നിന്നുമായി രണ്ടായിരത്തിയഞ്ഞൂറോളം ആളുകളാകും പങ്കെടുക്കുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://aiconclave26.ajce.in/

error: Content is protected !!