KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല:എരുമേലിയിൽ പട്ടയം കിട്ടാതെ 32 കുടുംബങ്ങൾക്ക് ദുരിതജീവിതം.ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നഷ്‌ടമായത് 28 വർഷം.

എരുമേലി: ഭൂരഹിതരായ 32 പാവപ്പെട്ട കുടുംബങ്ങൾക്ക് നാല് സെൻറ് ഭൂമി വീതം നൽകി  എരുമേലി പഞ്ചായത്ത്  മാതൃക കാട്ടിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഈ കുടുംബങ്ങൾക്ക് ഇനിയും പഞ്ചായത്ത് നൽകിയില്ല.

28 വർഷമായി പട്ടയം കിട്ടാതെ ദുരിതം പേറുകയാണ് ഈ കുടുംബങ്ങൾ. എരുമേലി പഞ്ചായത്ത് ഒഴക്കനാട് വാർഡിലാണ് ഈ അവഗണനയുടെ കാഴ്ച‌. പട്ടയത്തിനായി പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തി കേസും അറസ്റ്റുമൊക്കെ ഉണ്ടായി. ഈ കേസിൽ പ്രതികളായ പലരെയും കോടതി വെറുതെ വിട്ടു. ഇവരിൽ പലരും മരിച്ചെങ്കിലും പട്ടയം കിട്ടാൻ അനുകൂല നടപടിയുണ്ടായില്ല. 1998-ലാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഒഴക്കനാട് രണ്ട് ഏക്കർ സ്ഥലം പഞ്ചായത്ത് വാങ്ങി റോഡ്, തോട് പുറമ്പോക്കുകളിൽ കഴിഞ്ഞിരുന്ന ഭൂരഹിത കുടുംബങ്ങൾക്ക് നൽകിയത്. ഏറെ അഭിനന്ദനങ്ങൾ പഞ്ചായത്തിന് ലഭിച്ച വികസന മാതൃക കൂടിയായിരുന്നു ഈ പദ്ധതി. പത്ത് വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ഭൂമി നൽകിയത്. 32 കുടുംബങ്ങൾക്ക് മൂന്നും മൂന്നരയും നാലും സെന്റ് ഭൂമി നൽകിയതിനൊപ്പം അങ്കണവാടി, സാംസ്‌കാരിക നിലയം, കളി സ്ഥലം, പൊതു സ്ഥലം എന്നിങ്ങനെ പൊതു ആവശ്യങ്ങൾക്ക് ബാക്കി ഭൂമി വിട്ടുനൽകി. വഴി പോലുമില്ലാതെ കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് വീടും വഴിയുമൊക്കെ നിർമ്മിച്ച് കുടുംബങ്ങൾ താമസമാക്കി. എന്നാൽ പട്ടയം ഇല്ലാത്തത് വൈദ്യുതിയും ബാങ്ക് വായ്പ‌യും വീട് നിർമാണത്തിന് പഞ്ചായത്ത് പദ്ധതിയിൽനിന്ന് തുക ലഭിക്കാനും തടസ്സമായി.

ഈ ദുരിതങ്ങൾ മൂലം ചിലർ ഭൂമി ഉപേക്ഷിച്ചു പോയി. ഭൂമി പത്ത് വർഷത്തേക്ക് കൈമാറരുതെന്ന വ്യവസ്ഥ പ്രകാരമുള്ള കാലയളവ് കഴിഞ്ഞശേ ഷം 2008-ൽ ഉടമസ്ഥാവകാശമായി കുടുംബങ്ങൾ പട്ടയം ആവശ്യപ്പെട്ടു. ഉടനെ തരാമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ല. ഒരു വ്യക്തിയിൽ നിന്നാണ് പഞ്ചായത്ത് വില നൽകി ഭൂമി വാങ്ങിയത്. എരുമേലി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലേക്ക് ഭൂമി വിൽപനയുടെ ആധാരം രജിസ്റ്റർ ചെയ്തെങ്കിലും പോക്കുവരവ് നടത്തി പഞ്ചായത്തിന്റെ പേരിലേക്ക് ചേർത്തിരുന്നില്ല. ഭൂമി നൽകിയ വ്യ ക്തി ഇതിനിടെ മരിച്ചു. ഇക്കാര്യം റവന്യൂ വകുപ്പിലും സർക്കാരിലും അറിയിച്ച് ഉത്തരവ് വാങ്ങിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കുടുംബങ്ങൾക്ക് കൈമാറാൻ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാൽ, സാങ്കേതിക നടപടികളും നൂലാ മാലകളും ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ സ്വീകരിച്ചില്ല.

പട്ടയം ആവശ്യപ്പെട്ട് 2013-ൽ കുടു ബങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ അക്രമാസക്തമായി മാറി. സമരക്കാരും പോലീസും തമ്മിൽ പഞ്ചായത്ത് ഓഫീസിൻ്റെ വരാന്തയിൽ ഏറ്റുമുട്ടി. സമരക്കാരിൽ ഒരാളായ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ കേസെടുത്തു. പോലീസുകാരെ കൈയ്യേറ്റം ചെയ്തെന്ന കേസിലെ പ്രതികളായ എസ്‌സി പ്രൊമോട്ടർ ബിജു വഴിപ്പറമ്പിൽ, പനച്ചിക്കുന്നേൽ ബാബു, വാഴക്കാലായിൽ ഭുവനചന്ദ്രൻ, അനുജൻ റിനോഷ്, പനച്ചിയിൽ റെജി, പനച്ചിയിൽ റാഷിക് എന്നിവരെ രണ്ട് വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. ഇവരിൽ ഭുവനചന്ദ്രൻ, റെജി എന്നിവർ പിന്നീട് മരിച്ചു.

2013-ലെ സമരത്തെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് കുടുംബങ്ങൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനും പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ മാത്രമാണ് സാധിച്ചത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വീടുകളിൽ വൈദ്യുതി കണക്ഷൻ അനുവദിച്ചത്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് എല്ലാ കുടുംബങ്ങൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന ആവശ്യം ശക്തമായി.

error: Content is protected !!