ചെറുവള്ളിയിലെ ദളിത് യുവാവിന് നേരെയുള്ള അതിക്രമം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതികളോട് ഉടൻ കീഴടങ്ങാൻ നിർദ്ദേശം.
പൊൻകുന്നം : ചെറുവള്ളിയിൽ ദളിത് യുവാവായ ബാബുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ഇരുമ്പുവടി കൊണ്ട് മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം സെഷൻസ് കോടതി തള്ളി. പ്രതികൾ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
മർദ്ദനത്തിൽ യുവാവിന് കേൾവിശക്തിക്ക് ഗുരുതരമായ തകരാർ സംഭവിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ക്രൂരമായ മർദ്ദനവും വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്.
സംഭവത്തിൽ പ്രതികളെ സഹായിക്കാൻ രാഷ്ട്രീയ തലത്തിൽ സമ്മർദ്ദമുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. ഒരു വശത്ത് ഇരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ മറുഭാഗത്ത് പ്രതികൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
കേസിൽ ശരിയായ വകുപ്പുകൾ ചുമത്താനും ശക്തമായ നിയമനടപടികൾ ഉറപ്പാക്കാനും മണിമല പോലീസിലും ഡിവൈഎസ്പി ഓഫീസിലും ബിജെപി നേതൃത്വം നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. അക്രമത്തിന് ഇരയായ യുവാവിന് പൂർണ്ണ നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
