KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നിന്നും ആയുർവേദത്തിന്റെ പ്രാധാന്യം അമ്പതിൽ അധികം വിദേശ രാജ്യങ്ങളിൽ എത്തിച്ച വനിതാ സംരംഭക ഇടക്കുന്നം ചാമുണ്ഡി ഹില്‍ പാലസിന്റെ മാനേജിംഗ് ഡയറക്ടര്‍ സരോജാ തമ്പി ഓർമ്മയായി.

കാഞ്ഞിരപ്പള്ളി : ആയുർവേദ ചികിത്സാരീതി, യോഗ, ധ്യാനം എന്നിവയ്ക്ക് പ്രധാന്യം നൽകി മെഡിക്കൽ ടൂറിസം രംഗത്ത് പ്രവർത്തിച്ചിരുന്ന ഇടക്കുന്നം നാടുകാണി ഉദയമംഗലം സരോജാ തമ്പി ഓർമ്മയായി. ചാമുണ്ഡി ഹില്‍ പാലസ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു സരോജാ തമ്പി. ഇതിനോടകം 50-ലധികം രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലധികം ആളുകൾ കാഞ്ഞിരപ്പള്ളി ഇടക്കുന്നത് എത്തി ആയുർവേദ ചികിത്സതേടി മടങ്ങി. 25 വർഷമായി പ്രവർത്തിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിലെ ഒരോ വളർച്ചയിലും സരോജാതമ്പിയുടെ കൈയ്യൊപ്പുണ്ടായിരുന്നു.

ജില്ലയിലെ കിഴക്കൻ മേഖലയിലെ ഉയർന്ന പ്രദേശമായ ഇടക്കുന്നം നാടുകാണിയിൽ ചാമുണ്ഡി പരദേവതയുടെ നാമധേയത്തിൽ 25 കൊല്ലം മുൻപ് ചാമുണ്ഡി ഹിൽ പാലസ് എന്ന ആയുർവേദ ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നത് സരോജാ തമ്പിയുടെ ദീർഘവീക്ഷണമായിരുന്നു. ഭർത്താവ് പരേതനായ സി.ജി. തമ്പിയുടെ തറവാട് വീടിന്റെ ഭംഗിയും ശാന്തതയും മറ്റുള്ളവർക്കുംകൂടി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിചയസമ്പന്നരായ ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സമർപ്പിതരായ ജീവനക്കാരുടെയും ഒരു സംഘത്തെ അവർ രൂപവത്കരിച്ചു.

പരമ്പരാഗത ചികിത്സാമുറികളും ഒരു ഔഷധഫാർമസിയും സജ്ജമാക്കി ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. ഇന്ന് 50-ലധികം രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലധികം ആളുകൾ ഇവിടെയെത്തി ആയുർവേദ ചികിത്സതേടി മടങ്ങി. 25 വർഷമായി പ്രവർത്തിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തിലെ ഒരോ വളർച്ചയിലും സരോജാതമ്പിയുടെ കൈയ്യൊപ്പുണ്ടായിരുന്നു.

സാധാരണക്കാരിയായ വീട്ടമ്മയിൽ നിന്ന് ആയുർവേദ ചികിത്സയുടെ ഗുണങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ വിജയിച്ച സംരംഭകകൂടിയായിരുന്നു സരോജാതമ്പി. ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

error: Content is protected !!