കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സിന്റെ പിന്നിൽ മറ്റൊരു സ്വകാര്യ ബസിടിച്ച് അപകടം, 16 പേർക്ക് പരിക്ക് ; നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിൽ , സഹൃദയ വായനശാലയുടെ മുൻപിൽ, ദേശീയ പാത 183 ൽ, സ്വകാര്യ ബസ്സിന്റെ പിന്നിൽ നിയന്ത്രണം വിട്ട മറ്റൊരു സ്വകാര്യ ബസിടിച്ച് ഉണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക് ; നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊൻകുന്നത്തു നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ‘ഫൗസിയ’ എന്ന സ്വകാര്യ ബസിന്റെ പിന്നിൽ, മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ‘ജെറിൻ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ മുൻപിൽ പോവുകയായിരുന്നു കാറിന്റെ പിന്നിൽ ഫൗസിയ ബസ് നിരങ്ങി പോയി ഇടിച്ചു. കാറിന് സാരമായ നാശനഷ്ടം ഉണ്ട്. മണിമലയിൽ നിന്ന് വന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തലയ്ക്ക് പരുക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു.
പത്തനാട് ആനന്ദ ഭവനിൽ ഗ്രീഷ്‌മ (23), കാനം മംഗലത്ത് കുരുവിള ( 48), മണിമല കഴുന്നടിയിൽ മേരി (65), ചാമoപതാൽ ആലുംമൂട്ടിൽ എബ്രഹാം ജോർജ് (56), പത്തനാട് ആനന്ദഭവനിൽ റോഷ്‌നി (51 ) ,ചിറക്കടവ് കൈപ്പലാനിക്കൻ സ്വർണ്ണകുമാരി (72), മണിമല വാലുമണ്ണേൽ സിന്ധു ( 48) , പട്ടിമറ്റം പാറയ്ക്കൽ ശശികല ( 63), പാറത്തോട് ചന്തമാവുങ്കൽ രാഖി ( 30), കുപ്പക്കയം പുത്തൻ വീട്ടിൽ സുശീല ( 57), വാഴൂർ തീർത്ഥപാദപുരം മാമ്മൂട്ടിൽ ആമിനാ (25) കരിക്കാട്ടൂർ നാഗത്തിങ്കൽ സീന (6 I), ചിറക്കടവ് പൈനുങ്കൽ അശ്വതി (4I), ചിറക്കടവ് പാറോടിൽ അംബിക ( 50), അനന്തു (25) ചിറക്കടവ് ഇടത്തിനകത്ത് മിനി (2 I )എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
