കാഞ്ഞിരപ്പള്ളി ടൗണിൽ 2 കോടി രൂപ ചിലവിൽ ചിറ്റാർപുഴയ്ക്കു മീതെ ഓപ്പൺ സ്റ്റേജും പാർക്കിങ് ഗ്രൗണ്ടും നിർമിക്കാൻ പദ്ധതി.

കാഞ്ഞിരപ്പള്ളി ടൗണിൽ ചിറ്റാർ പുഴയ്ക്കു മീതെ ഓപ്പൺ സ്റ്റേജും പാർക്കിങ് ഗ്രൗണ്ടും നിർമിക്കാൻ പദ്ധതി. ഇതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ സാധ്യതാ പഠനം നടത്തും. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .
കഴിഞ്ഞ ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിക്കു 2 കോടി രൂപയുടെ പദ്ധതി നിർദേശം മന്ത്രി മോൻസ് ജോസഫിനു സമർപ്പിച്ചതായും റോണി കെ.ബേബി എംഎൽഎ അറിയിച്ചു. ഇതേ തുടർന്നു പദ്ധതി സംബന്ധിച്ചു സാധ്യതാ പഠനം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ജലസേചന വകു പ്പ് ചീഫ് എൻജിനീയറോടു നിർദേശിച്ചു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം എംഎൽഎ യുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷാ ദാസ്, അസിസ്റ്റന്റ് എൻജിനീയർ ജോജു സി. കു ര്യൻ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
നിർദിഷ്ട പദ്ധതി പ്രദേശത്തെ മണ്ണിന്റെ ഉറപ്പ്, വെള്ളം കയറാനുള്ള സാധ്യതകൾ, പദ്ധതി നടപ്പാക്കുന്നത് കൊണ്ട് ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വിശദമായ പഠനം നടത്തുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് ശേഷമാകും പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കുക.
പുഴയുടെ ഒഴുക്കിനു ദോഷമുണ്ടാകാത്ത രീതിയിൽ പാലത്തിനോടും ഈരാറ്റുപേട്ട റോഡിനോടും ചേർന്നുള്ള ഭാഗത്ത് പുഴയ്ക്കു മീതെ കോൺക്രീറ്റ് ചെയ്തു ഓപ്പൺ സ്‌റ്റേജിനും വാഹന പാർക്കിങ്ങിനുമുള്ള സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതിയാണു ലക്ഷ്യമിടു ന്നത്.
ദേശീയ പാതയിലും ഈരാറ്റുപേട്ട റോഡിലും ഉൾപ്പെടെ ടൗണിൽ ഗതാഗത തടസ്സമുണ്ടാകാതെ പൊതു പരിപാടികൾ നടത്തുന്നതിനും, ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റോണി കെ.ബേബി എംഎൽഎ അറിയിച്ചു. എം എൽഎയൊപ്പം, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ്റ് സുനിൽ തേനംമാക്കൽ എന്നിവരും ഉണ്ടായിരുന്നു.
