മുണ്ടക്കയം ചെക്ക് ഡാം പൊളിക്കൽ:ജനപ്രതിനിധികൾക്കിടയിൽ ഭിന്നാഭിപ്രായം.
മുണ്ടക്കയം: കഴിഞ്ഞ ദിവസങ്ങളിലെ
ശക്തമായ മഴയിൽ മണിമലയാർ കവിഞ്ഞൊഴുകി പുത്തൻചന്ത മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണിമലയാറിന് കുറുകെ ചാച്ചിക്കവലയിലുള്ള മുണ്ടക്കയം ചെക്ക് ഡാം പൊളിച്ചു മാറ്റണമെന്ന് മുണ്ടക്കയം പഞ്ചായത്തിലെ ഒരു വിഭാഗം ജനപ്രതിനിധികൾ ആവശ്യപ്പെടുമ്പോൾ കടുത്ത എതിർപ്പുമായി മറുവിഭാഗം രംഗത്ത്. ഓരോ മഴക്കാലത്തും മുണ്ടക്കയം കോസ് വേ പാലവും പുത്തൻചന്ത മേഖലയും വെള്ളത്തിനടിയിലാകുന്നത് ചാച്ചിക്കവല ചെക്ക് ഡാം നിറയുന്നതാണെന്നാണ് ഒരു വിഭാഗം ജനപ്രതിനിധികൾ വാദിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രളയ ദുരിത മേഖല സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെക്ക് ഡാം സന്ദർശിച്ചിരുന്നു. ഈ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ ചെക്ക് ഡാം പൊളിച്ചു നീക്കണമെന്ന ആവശ്യം കളക്ടറുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി നൽകാൻ കളക്ടർ നിർദേശം നൽകിയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ ഒരു വിഭാഗം ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു. മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയിൽ ചെക്ക് ഡാമിന് ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ശക്തമാവുകയാണ്. മണിമലയാറ്റിൽ വെള്ളപ്പൊക്കത്തിന് കാരണം ബൈപ്പാസ് റോഡിൻ്റെ അശാസ്ത്രീയമായ നിർമാണവും വെള്ളനടി ചെക്ക് ചെക്ക് ഡാം നിറയുന്നതുമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം കടുത്ത വേനലിൽ മുണ്ടക്കയം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നാലോളം കുടിവെള്ള പദ്ധതികൾ ചെക്ക് ഡാമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യവും ശാസ്ത്രീയവുമായ പഠനം നടത്തിയതിന് ശേഷവും ബദൽ സംവിധാനങ്ങൾ ഒരുക്കിയതിനുശേഷം മാത്രമേ ചെക്ക് ഡാം പൊളിക്കൽ നടപടിയിലേക്ക് കടക്കാവൂ എന്നാണ് മറ്റൊരു വാദം.
അല്ലാത്തപക്ഷം വേനലിൽ മുണ്ടക്കയം ടൗണിലും സമീപ മേഖലകളിലുമായി നുറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. അടിയന്തരമായി ചെക്ക് ഡാമിൽ അടിഞ്ഞു കൂടിയിരിക്കുന്ന ടൺ കണക്കിന് മണലും
മാലിന്യങ്ങളും നീക്കംചെയ്‌താൽ ഡാമിന്റെ സംരക്ഷണ ശേഷി ഉയരുകയും മണിമലയാറ്റിലെ വെള്ളമൊഴുക്ക് സുഗമമാകുകയും ചെയ്യുമെന്നും ഇതുവഴി വെള്ളപ്പൊക്കം ഒഴിവാക്കുവാൻ കഴിയുമെന്നുമാണ് ഇവരുടെ അഭിപ്രായം.
ചെക്ക്ഡാമുകളിലെ ചെളിയും മണലും നിക്കം ചെയ്യണമെന്ന്.
മുണ്ടക്കയം: ചെക്ക്‌ഡാമുകളിലെ ചെളിയും മണലും നിക്കം ചെയ്‌ത് നിരെഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കണ്ണിമല ഫാർമേഴ്സ് ക്ലബ് അവശ്യപ്പെട്ടു.
എല്ലാ ചെക്ക്‌ഡാമുകൾക്കും പുതിയ രീതിയിലുള്ള ഷട്ടറുകൾ സ്ഥാപിച്ചാൽ ആവശ്യഘട്ടങ്ങളിൽ ഉപയോഗപ്രദമെന്നും യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച് അധികൃതർക്ക് നിവേദനവും നൽകി. പി.ഡി. ജോൺ അധ്യക്ഷനായി. സാബു തോമസ്, ബേബിച്ചൻ പ്ലാക്കാട്ട്, കെ.എൻ. ഷിബു, ദിലീഷ് ദിവാകരൻ, ടി. പി. ആൻറണി, ലൂയിസ് തോമസ്, ജയ്സൺ ജയിംസ്, ടി.ജി. ഗോപി, ജോസ് കണ്ണിമല തുടങ്ങിയവർ പ്രസംഗിച്ചു.
