ആശങ്കയായി എരുമേലി കൊടിത്തോട്ടം മലയിലെ പാറമടക്കുളങ്ങൾ.
എരുമേലി: ഉയർന്ന പ്രദേശമാണ് കൊടിത്തോട്ടം. പാറക്കെട്ടുകൾ നിറഞ്ഞയിടം. പട്ടികജാതി വിഭാഗമുൾപ്പെടെ 105 കുടുംബങ്ങൾ കൊടിത്തോട്ടത്ത് താമസിക്കുന്നു. മലയുടെ താഴ്വാരമാണ് എരുമേലി ടൗൺ, ചരള, ആനക്കൽ, പ്രപ്പോസ്, മണിപ്പുഴ, കരിങ്കല്ലുമ്മൂഴി. വർഷങ്ങൾക്ക് മുമ്പേ നിലച്ചതും കഴിഞ്ഞ വർഷം വരെ പ്രവർത്തിച്ചതുമുൾപ്പെടെ എട്ട് പാറമടകളാണ് കൊടിത്തോട്ടത്തുള്ളത്.
മലമുകളിലെ പാറമടകളിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കെട്ടിനിൽക്കുന്നതാണ് ഗ്രാമവാസികളെയും താഴ്വരയിലുള്ള പ്രദേശങ്ങളിലെ ജനങ്ങളെയും ഭീതിയിലാക്കുന്നത്. ഉരുൾപൊട്ടലോ, മണ്ണിടിച്ചിലോ ഉണ്ടായാൽ എരുമേലി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കും. മഴ യായതോടെ ആശങ്ക ഉയരുകയാണ്. കൊടിത്തോട്ടത്ത് ഒരുവർഷം മുമ്പ് പ്രവർത്തനം നിർത്തിയ പാറമടക്കുളത്തിലാണ് പ്രദേശവാസികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുഴിപ്പാറമടയാണിത്. ഒരേക്കറോളം വരുന്ന കുളത്തിൽ അഞ്ചടിയിലേറെ താഴ്ചയുള്ളതായി സ്ഥലവാസികൾ പറയുന്നു. മലമുകളിൽ പാറമടക്കുളങ്ങളിൽ ഇത്രയും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ, മഴ കനത്തതോടെ പ്രദേശവാസികളുടെ ആശങ്കയും ഉയരുന്നു. വീണ്ടും പുതിയ രണ്ട് പാറമടകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് ഏതാനും മാസങ്ങൾക്ക് മുമ്പ് അഭിപ്രായം കേട്ടിരുന്നു.
കാലവർഷങ്ങളിൽ പാറമട കളിൽനിന്നുള്ള രാസമാലിന്യം കലർന്ന വെള്ളം ജനവാസ മേഖലയിലെ പൊയ്തത്തോടുകളിലൂടെ എരുമേലി കൊച്ചു തോട്ടിലും വലിതോട്ടിലൂടെയും മണിമലയാറിലെത്തുന്നതായി നിരവധി ആളുകൾ പരാതി ഉയർത്തിയിരുന്നു. എന്നാൽ, കൃത്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം.
