ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള യാത്രക്കാർക്ക് ഭീതിയാത്ര..
മുണ്ടക്കയം : മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ദേശീയപാതയിൽ കനത്തമഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും മരം വീഴ്ചയും ഉണ്ടാകുന്നത് വാഹന യാത്രക്കാരെ ഭീതിയിലാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമലഗിരിയിലും കടുവ പാറയിലും പുല്ലുപാറയിലും വലിയതോതിലുള്ള മലയിടിച്ചിൽ ഉണ്ടായി. പത്തുമണിക്കൂറിൽ അധികമാ ണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.
അമലഗിരിയിൽ ഉരുൾപൊട്ടിവന്ന കല്ലും മണ്ണും മരങ്ങളും റോഡിൽ പതിച്ച് അവിടെനിന്നും താഴേക്ക് ഒഴുകി പെരുവന്താനം-മേലോരം റോഡിൽ എത്തി. ഇരു റോഡുകളും ഭാഗികമായി തകർന്നു. ദേശീയപാതയുടെ സംരക്ഷണഭിത്തിയും ടാറിങ്ങും തകർന്നു. ഇതിന് സമീപം പ്രവർത്തിക്കുന്ന നാലുനിലയുള്ള ഹോട്ടലിന്റെ സമീപത്തുകൂടിയാണ് ഉരുൾ ഒഴുകി പോയത്. കടുവപാറയിൽ വൻ തോതിൽ പാറയാണ് ഇടിഞ്ഞ് റോഡിൽ വീണത്. ഇവിടെയും ടാറിങ്ങും സംരക്ഷണഭിത്തിയും
തകർന്നു.
മലയിടിച്ചിലിനോപ്പം എത്തിയ വെള്ളപ്പാച്ചിൽ ഇപ്പോഴുമുണ്ട്. ഇത് നിലവിലുള്ള സംരക്ഷണഭിത്തിക്ക് ബലക്ഷയം ഉണ്ടാക്കുന്നു. മഴയൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. നിരവധി ചെറിയമരങ്ങളാണ് കടപുഴകി പല സ്ഥലങ്ങളിലും വീണിട്ടുള്ളത്.
ബുധനാഴ്ച വെളുപ്പിനും വലിയൊരുപാറ പുല്ലുപാറ ജങ്ഷന് സമീപം അടർന്നുവീണു. പ്രദേശത്തെ കനത്ത മൂടൽമഞ്ഞും റോഡിനെ പറ്റി മുൻധാരണയില്ലാതെ എത്തുന്ന ഡ്രൈവർമാരെ വലയ്ക്കും. അമിതവേഗത്തിലുള്ള ഡ്രൈവിങ്ങും വളവുകളിലെ മറികടക്കലും ശ്രദ്ധിക്കാത്തപക്ഷം വാഹനങ്ങൾ അപകടത്തിൽപ്പെടാം. മിക്കയിടത്തും ഓട കവിഞ്ഞ് റോഡിലൂടെ വെള്ളമൊഴുകുന്നതിനാൽ റോഡിലെ കുഴികൾ കാണാതെ എത്തുന്ന ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയുണ്ട്.
