വിശ്വാസത്തിന്റെ ആനന്ദം പങ്കുവയ്ക്കപ്പെടണം: മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളി : വിശ്വാസത്തിന്റെ ആനന്ദം പങ്കുവയ്ക്കുന്നതിനും വിശ്വാസ സാക്ഷ്യം വഹിക്കുന്നതിനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സീറോ മലബാർ മിഷൻ മാസാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ. വിശ്വാസമാകുന്ന പ്രകാശത്തിൽ സകല സാഹചര്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് യഥാർത്ഥ കാഴ്ച തെളിയുന്നത്. വിശ്വാസിയുടെ ജീവിത സാക്ഷ്യം സുവിശേഷത്തെ പ്രഘോഷിക്കുന്നു. പ്രഘോഷണ ദൗത്യത്തിൽ പങ്കാളികളാകാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. സാർവത്രിക സഭയിലെ മിഷൻ ഞായർ ആചരണത്തോടെ അനുബന്ധിച്ചാണ് സീറോ മലബാർ സഭയിൽ ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കുന്നത്.
മാർ ജോസ് പുളിക്കലിന്റെകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട പരിശുദ്ധ കുർബാനയിൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. മാത്യു കടവിൽ, സന്യാസിനികളുൾപ്പെടെയുള്ള വിശ്വാസി സമൂഹം പങ്കുചേർന്നു.
