എരുമേലിയിൽ കളിക്കാൻ സ്ഥലമില്ല : പൂഞ്ഞാർ എം.എൽ.എയ്ക്ക് 18 കാരന്റെ നിവേദനം, കയ്യടിയോടെ സദസ്സ് , പരിഗണിക്കാമെന്ന് എം.എൽ.എയുടെ ഉറപ്പ്.
എരുമേലി : സർ, എരുമേലി സ്വദേശിയായ ഞാൻ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ വിഭാഗത്തിൽ ബിരുദത്തിന് പഠിക്കുകയാണ്. ഞാൻ ഈ നിവേദനം നൽകുന്നത് ഈ നാട്ടിലെ ഒരു കൊച്ചുകുട്ടിയെ ഒപ്പം ചേർത്താണ്. വളരുന്ന പുതിയ തലമുറയ്ക്ക് വേണ്ടിയാണ് ഈ നിവേദനം. എനിക്ക് കോളേജിൽ പഠനത്തിന്റെ പ്രവേശനത്തിന് അഡ്മിഷൻ ലഭിച്ചത് വിവിധ മത്സരങ്ങളിൽ മികച്ച കളിക്കളങ്ങളിൽ പരിശീലനങ്ങൾ നേടിയവരോട് പൊരുതി മുന്നേറിയാണ്. നമ്മുടെ നാട്ടിൽ കളിക്കളങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം സ്വന്തം കഴിവ് പ്രകടിപ്പിച്ചു മുന്നേറാൻ കഴിയാതെ പോകുന്ന ഒട്ടേറെ പേരുണ്ട്. സർ ഇടപെട്ട് എരുമേലിയിൽ സ്പോർട്സ് ഗ്രൗണ്ട് സൃഷ്ടിച്ചാൽ മികച്ച കളിക്കാരായി പുതിയ തലമുറയിൽ ഒട്ടേറെ പേർ ഉയരും. ലഹരി വഴി തെറ്റിക്കുന്ന ഇക്കാലത്ത് കളികളും ഗ്രൗണ്ടും അതിനെതിരെ വഴികാട്ടിയാകും. എരുമേലി സ്വദേശി യുവാവ് മുഹമ്മദ് യാസീൻ മൈക്കിലൂടെ ഇത് പറയുമ്പോൾ സദസ് സാകൂതം അത് കേട്ടിരുന്നു.
ഉറപ്പായും മികച്ച നിലയിൽ കളികളിൽ തിളങ്ങാൻ എരുമേലിയിൽ സ്പോർട്സ് ഗ്രൗണ്ടിന് ശ്രമിക്കാമെന്ന് മറുപടി പറഞ്ഞ പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ വ്യക്തമാക്കി. എരുമേലി വികസന സമിതി എസ്എൻഡിപി ഹാളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ വികസന സെമിനാറിൽ ആണ് എംഎൽഎ യ്ക്ക് മുമ്പിൽ യുവാവ് എരുമേലിയിൽ കളിക്കളങ്ങൾ നഷ്‌ടപ്പെട്ടതിന്റെ പ്രയാസം പങ്കിട്ടത്.
ഒരു കാലത്ത് ജില്ലാ, സംസ്ഥാന തല കായിക മത്സരങ്ങൾക്ക് വേദിയായിരുന്ന എരുമേലിയിൽ ഇപ്പോൾ കളിക്കളങ്ങൾ പരിമിതികളിലാണ്. സ്വകാര്യ വ്യക്തികളുടെ പറമ്പും വനം വകുപ്പിന്റെ സ്ഥലവും ഒക്കെ ആണ് പേരിനെങ്കിലും കളിക്കളമായുള്ളത്. സ്പോർട്സ് രംഗത്ത് നാട്ടിൽ ആരും ഉയരുന്നില്ല. കളിക്കളങ്ങളും പരിശീലന പ്രോത്സാഹനങ്ങളും ഉണ്ടായാൽ എരുമേലിയിൽ നിന്ന് സ്പോർട്സ് താരങ്ങൾ ഉയരും. ഇക്കാര്യത്തിൽ ചെയ്യാൻ കഴിയാവുന്നത് തീർച്ചയായും ചെയ്യുമെന്ന് എംഎൽഎ എം ജെ സെബാസ്റ്റ്യൻ പറഞ്ഞു.
