KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടിനുള്ളിൽ രാജവെമ്പാല.. സഹസികമായി പിടികൂടി.

കണമല : വീടിനുള്ളിൽ കയറിയ രാജവെമ്പാല വീട്ടുകാരെയും നാട്ടുകാരെയും വിറപ്പിച്ച ശേഷം ഒടുവിൽ കീഴടങ്ങി. കേരള വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അടിയന്തര സന്നദ്ധ സേവന വിഭാഗമായ ആർആർടി (Rapid Response Team) സ്നേക്ക് റെസ്ക്യു ടീമിന്റെ പരിശ്രമത്തിലാണ്
രാജവെമ്പാലയെ കീഴടക്കി കൂട്ടിൽ കയറ്റിയത്.

തിങ്കളാഴ്ച  രാവിലെ പമ്പാവാലി എയ്ഞ്ചൽവാലിയിൽ പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് രാജവെമ്പാല ഭീതി സൃഷ്ടിച്ചത്. വീടിനുള്ളിൽ ഡൈനിങ് ഹാളിൽ, മേശയ്ക്ക് അടിയിൽ ചുരുണ്ടു കിടന്നിരുന്ന പാമ്പിനെ, കറുത്ത ബെൽറ്റ്‌ ആണെന്ന് കരുതി, ബാബു എടുക്കുവാൻ ശ്രമിച്ചപ്പോൾ പത്തി വിടർത്തി ചീറ്റി പൊങ്ങി വരുകയായിരുന്നു . പെട്ടെന്ന് ഒഴിഞ്ഞു മാറിയത് കൊണ്ട് കടി ഏൽക്കാതെ രക്ഷപ്പെട്ടു.
തുടർന്ന് വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം മുറി അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

മുണ്ടക്കയം വനം വകുപ്പ് ഓഫിസിൽനിന്ന് സ്നേക്ക് ക്യാച്ചേഴ്സ് എത്തിയെങ്കിലും ഇവർ രാജവെമ്പാലയെ കണ്ടതോടെ വണ്ടംപതാൽ ആർആർ ടീമിനെ വിവരമറിയിച്ചു. അവർ എത്തുമ്പോഴും പാമ്പ് അവിടെത്തന്നെ ചുരുണ്ടുകിടപ്പായിരുന്നു. ആർആർ ടീം പിടികൂടാൻ ശ്രമം തുടങ്ങിയപ്പോഴേക്കും പാമ്പ് അടുത്തുള്ള ശുചിമുറിയിലേക്കു കയറി. വീണ്ടും പാമ്പ് കിടപ്പുമുറിയിലെത്തി. മേശയുടെ അടിയിൽനിന്നാണ് പാമ്പിനെ സാഹസികമായി പിടികൂടിയത്.

വനത്തിനു സമീപമാണ് ഇവരുടെ വീട്. രാവിലെ മുൻ വശത്തെ കതക് തുറന്നിട്ട സമയത്താകാം പാമ്പ്  അകത്തു കയറിയതെന്ന് കരുതുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരായ വി.വി. അനിൽകുമാർ, ദീപു, പി. പ്രസന്നൻ, എ.എസ്. സുധീ ഷ്, എൻ.കെ. സുഭാഷ്, തുടങ്ങിയവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

എയ്ഞ്ചൽവാലിയിൽനിന്ന് 50 കിലോമീറ്റർ ദൂരെ ഗവിയിലെ കക്കിഡാമിനു സമീപം ഉൾവനത്തിലാണ് ഇന്നലെ പിടികൂടിയ രാജവെമ്പാലയെയും ഏതാനും ആഴ്‌ചകൾക്കിടെ പിടികൂടിയ മുർഖൻ പാമ്പിനെയും 13 പെരുമ്പാമ്പുകളെയും തുറന്നുവിട്ടത്.

പാമ്പുകളെ പിടികൂടി സമീപത്തുതന്നെ വിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് ഇത്. ജനപ്രതിനിധികൾ ഒപ്പം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തംഗം ടോം കാലാപ്പറമ്പിലും വനം വകുപ്പ് സംഘത്തിന് ഒപ്പമുണ്ടായിരുന്നു.

പ്രദേശത്ത് വന്യമൃഗ ആക്രമണങ്ങൾ വർധിച്ചിട്ടും പരിഹാര നടപടികളിൽ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ സ്ഥലത്ത് എത്തിയ വനപാലക സംഘത്തോട് പ്രതിഷേധം അറിയിച്ചു.

പിടികൂടുന്ന പാമ്പുകളെ തൊട്ടടുത്ത വനത്തിൽ ഉപേക്ഷിച്ചു പോകുന്നതായും പരാതി ഉയർന്നു. കഴിഞ്ഞ ദിവസം ആണ് പ്രദേശത്തെ വയോധികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

error: Content is protected !!