KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ മണ്ണനാനി പാലം ഗതാഗത യോഗ്യമാക്കി ; മണ്ണാറക്കയം കലുങ്ക് ഉടൻ തുറക്കുമെന്ന് റോണി കെ.ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി : നിർമ്മാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മണ്ണനാനി പാലം ഗതാഗത യോഗ്യമാക്കി. നിർമ്മണം പൂർത്തീകരിച്ച മണ്ണാറക്കയം കലുങ്ക് നാളെ തുറക്കുമെന്ന് റോണി കെ.ബേബി എം.എൽ.എ അറിയിച്ചു. അതോടെ കാഞ്ഞിരപ്പള്ളി മണിമല റോഡിൽ കൂടി തടസ്സങ്ങൾ ഇല്ലാതെ എല്ലാ വാഹനങ്ങൾക്കും ഗതാഗതം നടത്തുവാൻ സാധിക്കും .

മണ്ഡല കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് മുന്നിൽ കണ്ടും റോഡ് നിർമ്മാണം വൈകുന്നതു കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ധൃതഗതിയിൽ പണികൾ നടക്കുന്നുണ്ടെന്ന് എംഎൽഎ അറിയിച്ചു.

കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മണ്ണനാനി പാലം വരെ എട്ടു കിലോമീറ്റർ ആണ് ആദ്യ റീച്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ മണ്ണനാനി പാലത്തിന്റെ നിർമ്മാണം പൂർത്തിയതോടെ പ്രദേശവാസികൾക്ക് ഏറെ ആശ്വാസം ലഭിച്ചു . വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണവും ഏകദേശം പൂർത്തിയായി വരുന്നു .

ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ ടാറിംഗ് ജോലികൾ ചിറക്കടവ് മണ്ണനാനി ഭാഗത്ത് ആരംഭിച്ചു കഴിഞ്ഞു. മണ്ണനാനി മുതൽ മണ്ണംപ്ലാവ് വരെയുള്ള ഭാഗത്താണ് ആദ്യഘട്ട ടാറിംഗ് നടക്കുന്നത്. ആദ്യഘട്ടത്തിലെ ബിഎം നിലവാരത്തിലുള്ള റോഡ് നിർമാണം മണ്ഡലകാലത്തിന് മുമ്പായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഎ ൽഎ പറഞ്ഞു.

error: Content is protected !!