എരുമേലിയിൽ ലഹരി മരുന്ന് 300 ആംപ്യൂളുകൾ പിടികൂടി.
എരുമേലി : സ്വകാര്യ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ ഉള്ള ഇൻജെക്ഷൻ മരുന്നായ 300 ആംപ്യൂളുകൾ പോലീസ് പിടികൂടി. ലഹരിക്കും ഉത്തേജക മരുന്നായും ഉപയോഗിക്കുന്ന ഇവ രക്ത സമ്മർദ്ദം താഴുന്ന രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് നൽകാൻ അനുമതിയുള്ളത്. സാധാരണ ഒരു മില്ലിഗ്രാം ആണ് ഇങ്ങനെ നൽകുന്നതെന്നിരിക്കെ പത്ത് മില്ലിഗ്രാം വീതമുള്ള 300 ആംപ്യൂളുകൾ ഒരുമിച്ച് പാഴ്‌സൽ ആയി എത്തിയത് ആണ് സംശയം സൃഷ്ടിച്ചത്. കൊറിയർ ഏജൻസി ഉടമയ്ക്ക് തോന്നിയ സംശയം പോലീസിനെ അറിയിക്കുകയായിരുന്നു.
പാഴ്‌സൽ കവറിലെ മേൽവിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല.
പാഴ്‌സൽ വാങ്ങാൻ ആൾ എത്തുമ്പോൾ പിടികൂടാൻ പോലിസ് കാത്തിരുന്നതിന് ഒടുവിൽ ആൾ എത്തില്ലന്ന് ഉറപ്പായതോടെ പാഴ്‌സൽ പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പാഴ്‌സൽ കവറിലുള്ള മൊബൈൽ നമ്പർ മുമ്പ് 600 ആംപ്യൂളുകൾ പിടികൂടിയ കേസിലും പാഴ്‌സൽ കവറിൽ ഉണ്ടായിരുന്നതാണെന്ന് പോലിസ് പറഞ്ഞു. പിടികൂടിയ 300 ആംപ്യൂളുകൾക്ക് ഒരു ലക്ഷം രൂപയാണ് യഥാർത്ഥ വില. വിപണിയിൽ 1.80 ലക്ഷം രൂപ വില ഉണ്ടെന്ന് പോലിസ് പറഞ്ഞു. ഒരു ആംപ്യൂളിൽ 10 മില്ലിഗ്രാം ആണുള്ളത്. ഒരു മില്ലിഗ്രാം വീതം പത്ത് പേർ ഉപയോഗിക്കുന്നതിന് ആണ് ലഹരി ഉപയോഗത്തിന് വാങ്ങാറുള്ളതെന്നും ഒരു സിറിഞ്ച് ഉപയോഗിച്ച് പത്ത് പേർ ഉപയോഗിക്കുന്ന പ്രവണത ഉണ്ടെന്നും പോലിസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും എരുമേലി പോലീസും ചേർന്നാണ് കേസ് നടപടികൾ സ്വീകരിച്ചത്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം പോലിസ് നടത്തുമെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് വിഭാഗത്തിന് കേസ് കൈമാറുമെന്നും പോലിസ് അറിയിച്ചു.
