മുക്കട കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങിയതായി റോണി കെ. ബേബി എം.എൽ.എ.; ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും ; പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കും.
മണിമല : മണിമല പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് തയ്യാറാക്കിയ മുക്കട കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങിയതായി റോണി കെ ബേബി എം.എൽ.എ. അറിയിച്ചു. മന്ത്രി തലത്തിലും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മുക്കട കുടിവെള്ള പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി.
മുക്കടയിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന ജല സംഭരണിക്ക് സ്ഥലം വിട്ടു നൽകുവാൻ പട്ടികജാതി വികസന വകുപ്പും പദ്ധതിയുടെ ഭാഗമായി കരിമ്പിൻതോടിനും മുക്കടക്കും ഇടയിൽ വനഭൂമിയിൽ പൈപ്പുകൾ ഇടുന്നതിന് വനം വകുപ്പും അനുമതികൾ നൽകാൻ സമ്മതിച്ചതോടെയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്.
മണിമല ഗ്രാമപഞ്ചായത്തിലെ 6,7,8 വാർഡുകളിൽ പൂർണ്ണമായും 4,5 വാർഡുകളിൽ ഭാഗികമായും ഏകദേശം ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയാണ് മുക്കട കുടിവെള്ള പദ്ധതി. വേനൽക്കാലം ആകുമ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.
പട്ടികജാതി വികസന വകുപ്പ് വിട്ടു നൽകുന്ന സ്ഥലത്ത് മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണ് നിർമ്മിക്കുന്നത്. ജലജീവൻ മിഷന്റെ ഭാഗമായിട്ടാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പെരുന്തേനരുവിയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം എത്തുന്നത്.
ജില്ലാ കളക്റ്ററുമായി നടന്ന ചർച്ചയിൽ റോണി കെ ബേബി എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, വൈസ് പ്രസിഡന്റ് ബി സി ജയദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ജേക്കബ്, ജയശ്രീ ഗോപിദാസ്, സുജാ ബാബു എന്നിവർ പങ്കെടുത്തു
