മണ്ഡലകാലത്തിന് തുടക്കമായി : എരുമേലിയിൽ ശരണമന്ത്രങ്ങൾ നിറഞ്ഞു ; വൻ തീർത്ഥാടക പ്രവാഹം.
എരുമേലി : എല്ലായിടത്തും ശരണം വിളികൾ. ഒപ്പം പേട്ടതുള്ളലിന്റെ നിലയ്ക്കാത്ത മേളങ്ങളും. ഇനി രണ്ടര മാസം എരുമേലിയ്ക്ക് ഉറക്കമില്ലാത്ത രാപ്പകലുകൾ. ശബരിമല മണ്ഡലകാലത്തിന്റെ ആദ്യ ദിനം ഇന്നാണ്. എന്നാൽ ഇന്നലെ മുതൽ തീർത്ഥാടക തിരക്കിൽ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ രാവിലെയും ഉച്ചക്കും വൈകുന്നേരവുമെല്ലാം ടൗണിൽ ഗതാഗതം സ്തംഭിച്ചു. ഏറെ പണിപ്പെട്ടാണ് പേട്ടക്കവലയിൽ തീർത്ഥാടകരെ പോലിസ് കടത്തിവിടുന്നത്. കൊരട്ടി മുതൽ ടൗൺ വരെയും ടൗണിലും സാവധാനമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുക. പേട്ടക്കവലയിൽ ക്ഷേത്രത്തിലേക്കും മുസ്ലിം പള്ളിയിലേക്കും തീർത്ഥാടകരെ റോഡ് മുറിച്ചു കടത്താൻ വാഹനങ്ങൾ തടഞ്ഞിട്ടാണ് പോലിസ് സൗകര്യം ഒരുക്കുന്നത്.
താൽക്കാലിക സ്റ്റുഡിയോകളും കടകളും ഉൾപ്പെടെ 200 ഓളം ആണ് ശബരിമല സീസൺ ഭാഗമായി തുറന്നിരിക്കുന്നത്. ഏഴ് പാർക്കിംഗ് ഗ്രൗണ്ടുകളും 500 ഓളം ശുചിമുറികളുമെല്ലാം തിരക്കിൽ നിറഞ്ഞിരിക്കുകയാണ്. സ്ഥലപരിമിതികൾ മൂലം കെഎസ്ആർടിസി സ്റ്റാൻഡിൽ ഭക്തർക്കും യാത്രക്കാർക്കും തിരിയാനിടമില്ല. ശബരിമല പാതയാകെ പോലിസ് വലയത്തിലാണ്. 530 അംഗ പോലിസ് ആണ് ഡ്യൂട്ടിയിൽ. ഇത്തവണ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പോലീസും മോട്ടോർ വാഹനവകുപ്പിന്റെ റോഡ് സേഫ് സോൺ വിഭാഗവും. രാത്രിയിൽ കർശന നിയന്ത്രണം ആണ് അപകടമേഖലകളായ കണമല, കണ്ണിമല, കരിങ്കല്ലുമ്മുഴി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
എരുമേലി : മണ്ഡലകാല തീർത്ഥാടനത്തിനായി ഇന്നലെ ശബരിമലയിൽ നട തുറന്നതിന് പിന്നാലെ എരുമേലിയിൽ വൻ തീർഥാടക പ്രവാഹം. ആയിരക്കണക്കിന് തീർഥാടകരാണ് ഇന്നലെ എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. വലിയമ്പലത്തിന് അടുത്ത് ഒരേസമയം 1,000 തീർത്ഥാടകർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യവും 25 കുളിമുറികളും സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ഇതിനടുത്ത് അന്നദാന കേന്ദ്രവും പ്രവർത്തനം തുടങ്ങി. ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി 125 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഇന്നലെ വൈകിട്ടു വരെ 50 ഓളം സർവീസുകൾ പമ്പയ്ക്ക് നടത്തി. ഇന്നലെ വരെ എരുമേലി – പമ്പ ടിക്കറ്റ് ചാർജ് 84 രൂപയായിരുന്നത് ഇന്നലെ അർദ്ധ രാത്രി മുതൽ 114 രൂപയാക്കി സ്പെഷ്യൽ ചാർജ് ആയി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം നിലയ്ക്കൽ – പമ്പ ടിക്കറ്റ് നിരക്ക് 50 രൂപ പഴയ ചാർജ് ആണ് ഈടാക്കുന്നത്.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത ഇന്ന് തുറക്കും. പേരൂർത്തോട്, കോയിക്കക്കാവ്, കാളകെട്ടി, അഴുതക്കടവ്, കരിമല വഴിയാണ് ഈ പാത കടന്നുപോകുന്നത്. എരുമേലിയിലെ പ്രവേശന ഭാഗമായ കോയിക്കക്കാവിലൂടെ ഇന്ന് രാവിലെ ആറ് മുതൽ തീർത്ഥാടകരെ കടത്തി വിടും. വൈകിട്ട് അഞ്ച് വരെയാണ് ഇതുവഴി കടത്തി വിടുക. കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ അഴുതക്കടവിൽ നിന്ന് കാളകെട്ടിയിൽ എത്തുന്ന ഭക്തർ പ്രവേശിക്കുന്ന സമയം രാവിലെ 7 മുതൽ ഉച്ചക്ക് 2:30 വരെയാണ്.
ഏകോപനമില്ലാതെ കാനനപാതയിൽ വ്യത്യസ്ത സമയക്രമം നിശ്ചയിച്ചത് സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. കോയിക്കക്കാവിൽ വൈകുന്നേരം അഞ്ച് വരെ പ്രവേശനം ഉള്ളപ്പോൾ അടുത്ത ഇടത്താവളമായ അഴുതയിൽ ഉച്ചക്ക് 2.30 വരെയാണ് പ്രവേശനം. ഇത് പ്രശ്നമായി മാറുമെന്ന് ആക്ഷേപമുണ്ട്. കോയിക്കക്കാവിൽ ഉച്ചക്ക് യാത്ര പുറപ്പെടുന്നവരെ അഴുതക്കടവിൽ തടയുന്ന നിലയിൽ ആണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട അഴുതക്കടവിൽ ഇടുക്കി ജില്ലാ കളക്ടറൂം കോട്ടയം ജില്ലയിലെ കോയിക്കക്കാവിലെ സമയ ക്രമം കോട്ടയം ജില്ലാ കളക്ടറുമാണ് തീരുമാനിച്ച് നൽകിയത്.
എരുമേലി കാനനപാത വഴി ഒരു ദിവസം ആകെ 5,000 തീർത്ഥാടകർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇതിൽ 3,000 പേർക്ക് ഓൺലൈൻ വെർച്വൽ ക്യൂ വഴിയും 2,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും പ്രവേശനം ലഭിക്കും. എരുമേലി കാനനപാതയിൽ ഭക്തരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി 100-ലധികം സേവന കേന്ദ്രങ്ങളും മൂന്ന് ഓക്സിജൻ പാർലറുകളും മെഡിക്കൽ എയ്ഡ് സെന്ററുകളും കാളകെട്ടിയിൽ 51 അംഗ പോലിസ് ഉൾപ്പെട്ട എയ്ഡ് പോസ്റ്റും ഫയർ ഫോഴ്സ് ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്.
തീർത്ഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ആയി 530 പോലിസ് ഉദ്യോഗസ്ഥരെയാണ് എരുമേലിയിലും ശബരിമല പാതയിലും നിയോഗിച്ചിട്ടുള്ളത്. എരുമേലി ടൗണിലെ പേട്ടതുള്ളൽ പാതയിൽ ഇന്നലെ രാവിലെ മുതൽ ഒറ്റവരി ഗതാഗതം തുടങ്ങി. റാന്നി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ രാജാപ്പടിയിൽ നിന്ന് തിരിഞ്ഞ് കെഎസ്ആർടിസി, ടിബി റോഡ് വഴി ടൗണിൽ എത്തണം. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വരി തെറ്റിച്ച് കടന്നുപോകാൻ അനുമതിയില്ല. അതേ സമയം വലിയ വാഹനങ്ങൾ ഉൾപ്പടെ നഗരത്തിലൂടെ കടത്തി വിടുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതിയുണ്ട്. വലിയ വാഹനങ്ങൾ കുറുവാമൂഴി വഴി തിരിച്ചുവിടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പോലിസ് കൺട്രോൾ റൂം കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം തുടങ്ങി. വകുപ്പുകളുടെ ഏകോപനത്തിനായി റവന്യു കൺട്രോൾ റൂം ഇന്നലെ എരുമേലി ശബരി ഹോമിൽ പ്രവർത്തനം ആരംഭിച്ചു. ഇതിനടുത്ത് തന്നെ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ കൺട്രോൾ റൂമും ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ സേവന പ്രവർത്തനങ്ങളുടെയും താൽക്കാലിക ഡിസ്പെൻസറികളുടെയും ഉദ്ഘാടനം ഇന്ന് നടക്കും.
