എരുമേലി താവളം ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.
എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡ് ബിൽഡിങ്ങിൽ അയ്യപ്പഭക്തർക്ക് 24 മണിക്കൂറും ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാകത്തക്ക വിധത്തിൽ താവളം ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു. ഈ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ മലേറിയ ക്ലിനിക് , ഇ.സി.ജി സേവനവും ലഭിക്കും. സർജൻ, ഓർത്തോപിഡീഷൻ, ഹെൽത്ത് ഇൻസ്പെക്ടർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , മൊബൈൽ മെഡിക്കൽ ടീം ,ആംബുലൻസ് സർവീസ് എന്നീ സേവനവും ലഭിക്കും.125 അംഗ വിശുദ്ധി സേനയുടെയും സാനിറ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് ഏകോപിപ്പിക്കുന്നത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിനിമോൾ തടത്തിൽ, ബിനു മറ്റക്കര, വി.ടി. അയൂബ് ഖാൻ , അംഗങ്ങളായ പി.ജി.സൂര്യകല, സിനി ജിബു, റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ബിനോയ് ഇലവുങ്കൽ,നാസർ പനച്ചി,ഷെമീന ലത്തീഫ് , മെഡിക്കൽ ഓഫീസർ ഡോ.ധന്യ സുശീലൻ,നോഡൽ ഓഫീസർ ഡോ.വെങ്കിടസ്വാമി, ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
