KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം.ജി. സർവകലാശാല വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: സെന്റ് ഡൊമിനിക്‌സ് കോളേജിന് ചരിത്രനേട്ടം.

കാഞ്ഞിരപ്പള്ളി: തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളേജ് വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ജേതാക്കളായി. 226 പോയിന്റ് നേടിയാണ് സെന്റ് ഡൊമിനിക്‌സ് കോളേജ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. കോളേജിന്റെ കായികചരിത്രത്തിൽ ആദ്യമായാണ് വനിതാ വിഭാഗത്തിൽ ഈ അഭിമാനകരമായ ചാമ്പ്യൻപട്ടം നേടുന്നത്.

മത്സരത്തിൽ കോളേജിനുവേണ്ടി മരിയ സ്കറിയ (57 കിലോഗ്രാം), അഷ്മിക സി. പി. (69 കിലോഗ്രാം) എന്നിവർ സ്വർണമെഡലുകൾ നേടി. ശ്രീപാർവതി എസ്. (49 കിലോഗ്രാം), ശ്രീലക്ഷ്മി എസ്. (53 കിലോഗ്രാം), സേവിയമോൾ സനീഷ് (86 കിലോഗ്രാം), അമൃത എം. എസ്. (77 കിലോഗ്രാം) എന്നിവർ വെള്ളിമെഡലുകളും നേടി. 86 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ ഫർഷ സിനാജ്ഖാൻ വെങ്കലമെഡലും കരസ്ഥമാക്കി. മരിയ സ്കറിയ, അഷ്മിക സി. പി. എന്നിവർ ചെന്നൈയിൽ നടക്കുന്ന അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം ജി സർവകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ സർവകലാശാലാതലത്തിൽ കൈവരിച്ച ഈ ചരിത്രവിജയം കോളേജിന്റെ കായികമികവിനും കായികതാരങ്ങളുടെ കഠിനാധ്വാനത്തിനും പരിശീലനമികവിനുമുള്ള അംഗീകാരമാണ്. വിജയികളായ താരങ്ങളെയും പരിശീലകരെയും കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പലും അധ്യാപകരും അനുമോദിച്ചു.

error: Content is protected !!