കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ26-ാം മൈലിൽ പുതിയ പാലം. ടെണ്ടർ നടപടികൾ ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി – എരുമേലി പാതയിലെ 26-ാം മൈലിൽ പടപ്പാടി തോടിന് കുറുകെ പുതിയ പാലത്തിന് ടെണ്ടർ നടപടികൾ ആരംഭിച്ചതായി റോണി കെ. ബേബി എം എൽ എ അറിയിച്ചു. ഡിസംബർ മൂന്നാം തിയതിയാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി. 2.90 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
നിലവിലുള്ള പാലത്തേക്കാൾ ഉയരം കൂട്ടി, ഇരുവശത്തും കാൽനടയാത്രക്കാർക്ക് നടന്നു പോകുന്നതിന് ഫുട്പാത്തും അപ്പ്രോച്ച് റോഡും ഉൾപ്പെടുത്തിയാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നത്. 23 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 7.5 മീറ്റർ വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും 1.75 മീറ്റർ ഫുട്പാത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്.
നിലവിലുള്ള പാലം ഈ വർഷത്തെ മണ്ഡലകാലം അവസാനിച്ചതിന് ശേഷം പൊളിച്ചു നീക്കി പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റോണി കെ ബേബി പറഞ്ഞു. പാലം നിർമ്മാണം പൂർത്തിയാകുന്നതുവരെ പട്ടിമറ്റം — പൂതക്കുഴി റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചു വിടും. ഇതിന് മുന്നോടിയായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും എസ്റ്റിമേറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.
2017 ൽ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായതോടെയാണ് പുതിയത് നിർമിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് പാലത്തിനായി പദ്ധതി തയ്യാറാക്കി തുക അനുവദിച്ച് സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിരുന്നെങ്കിലും തുടർ നടപടികൾ നീണ്ടുപോവുകയായിരുന്നു.
തീർഥാടനകാലമെത്തിയതോടെ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വാഹനത്തിരക്ക് കൂടുതലാണ്. ഇടുങ്ങിയ പാലത്തിൽ വലിയ വാഹനങ്ങൾ ഇരുവശത്തുകൂടി പോകുമ്പോൾ കാൽനടക്കാരും ഭീതിയിലാണ്.
പുതിയ പാലം നിർമ്മാണത്തോടൊപ്പം ഈ വർഷത്തെ ശബരിമല പദ്ധതികളിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി എരുമേലി റോഡ് നവീകരണത്തിന് 12 കോടി രൂപയുടെ ടെണ്ടർ നടപടികളും അന്തിമ ഘട്ടത്തിലാണെന്ന് റോണി കെ ബേബി അറിയിച്ചു.
