എലിക്കുളം പഞ്ചായത്ത്



എലിക്കുളം: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഏറ്റവുമുയർന്നുനിന്ന പഞ്ചായത്താണ് എലിക്കുളം. അവിടെനിന്ന് സാധാരണ നിലയിലെത്താൻ സാധിച്ചത് രാഷ്ട്രീയ, ജാതി, മത ചേരിതിരിവുകളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായിനിന്നതുകൊണ്ടെന്ന് പ്രസിഡന്റ് എസ്.ഷാജി.
ടി.പി.ആർ. 50 വരെയെത്തി. കോവിഡ് വ്യാപനം മൂലം രണ്ടാഴ്ചയോളം പഞ്ചായത്ത് പൂർണമായി അടച്ചിട്ടു. ഇവിടെ എല്ലാ പഞ്ചായത്തംഗങ്ങളും ആരോഗ്യപ്രവർത്തകരും യുവജന സന്നദ്ധസംഘടനകളും ഒരുമയോടെ പ്രവർത്തിച്ചതിനാൽ നില മെച്ചപ്പെടുത്താനായി.
എല്ലാ വാർഡിലും കോവിഡ് മാനേജിങ് കമ്മിറ്റി പ്രവർത്തനം ഏകോപിപ്പിച്ചു. കുടുംബശ്രീ സ്നേഹിത കോളിങ് ബെൽ പദ്ധതിയിൽ കോവിഡ് രോഗികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ മൈൻഡ് വർക് ഷോപ്പ് പ്രവർത്തിക്കുന്നു. ദിവസവും രാവിലെ 10.30-ന് പഞ്ചയത്തിൽ വാർ റൂം വിലയിരുത്തി പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നു.
ഒരാൾക്കുപോലും പട്ടിണിയുണ്ടാകാതിരിക്കാൻ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് രോഗികളുടെ സേവനത്തിനായി പഞ്ചായത്തിന്റെ വാഹനംകൂടാതെ 12 എണ്ണംകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന എട്ടാംവാർഡിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ സന്നദ്ധപ്രവർത്തകരും സഹായിച്ചു. ഓൺലൈൻ പഠനസൗകര്യം ആവശ്യപ്പെട്ട വിദ്യാർഥികൾക്കെല്ലാം വിവിധ സംഘടനകളുടെ സഹകരണത്തോടെ സ്മാർട്ട്‌ഫോണുകൾ നൽകി.
രണ്ടാംവാർഡിൽ 138 രോഗികൾ, നാല് മരണം
ഏറ്റവുമധികം പ്രതിസന്ധി നേരിട്ട വാർഡാണ് തന്റേതെന്ന് രണ്ടാം വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ട്. 138 പേർ കോവിഡ് ബാധിതരായി. ഒരുമാസത്തിനുള്ളിൽ നാലുപേർ മരിച്ചു. മുഴുവൻ സമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി.
പാചകവാതകം കിട്ടാതായ കുടുംബത്തിന് സ്വന്തം വീട്ടിലെ സിലിൻഡർവരെ നൽകി. കോവിഡ് ബാധിതരുടെ വീട്ടിലെ കന്നുകാലികൾക്ക് തീറ്റ നൽകാൻ സന്നദ്ധപ്രവർത്തകർക്കൊപ്പം മുന്നിട്ടിറങ്ങി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണാനന്തര ക്രിയകൾ, അവരുടെ ചിതാഭസ്മം പള്ളിയിൽ അടക്കം ചെയ്യൽ എന്നിവയെല്ലാം നിർവഹിച്ചത് കടമയായാണ്. എല്ലാ വീടുകളിലും മൂന്നുവട്ടം ഹോമിയോ പ്രതിരോധമരുന്നെത്തിച്ചു. ഓൺലൈൻ പഠനത്തിന് മാണി സി.കാപ്പൻ എം.എൽ.എ.യുടെ സഹകരണത്തോടെ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
അടച്ചിടലിലും ആരും ദുരിതമനുഭവിക്കാതെ
പഞ്ചായത്ത് പൂർണമായും അടച്ചപ്പോഴും ആരും പട്ടിണി കിടക്കാതിരിക്കാൻ വേണ്ടത് ചെയ്യാനായി. സന്നദ്ധസംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ ഒക്കെ ഈ ഘട്ടത്തിൽ ഭക്ഷ്യകിറ്റുകൾ സംഭാവനചെയ്യാൻ തയ്യാറായതായി 15-ാം വാർഡംഗം ജിമ്മിച്ചൻ ഈറ്റത്തോട്ട്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ യൂത്ത്ഫ്രണ്ട്(എം) പ്രവർത്തകരുടെ മൂന്ന് വാഹനം വിട്ടുകിട്ടി.
വാർഡംഗം തന്നെയാണ് പലപ്പോഴും കോവിഡ് പോസിറ്റീവുകാരെ ആശുപത്രിയിലെത്തിക്കുന്നത്. രാഷ്ട്രീയ ഭേദമെന്യേ എല്ലാ യുവജനസംഘടനകളും വാർഡിലെ സേവനപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി. എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠനാവശ്യത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളവർക്കും വിവിധ സംഘടനകളുടെ സഹകരണത്തോടെ നൽകാനായി.
എസ്.ഷാജി(പ്രസിഡന്റ്)
മാത്യൂസ് പെരുമനങ്ങാട്ട്(രണ്ടാംവാർഡംഗം)
ജിമ്മിച്ചൻ ഈറ്റത്തോട്ട്(15-ാംവാർഡംഗം)
