KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഞ്ചായത്ത് കിണറ്റിലെ വെള്ളം ഉപയോഗശൂന്യം ; വെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന് പരിശോധക സംഘം

കോരുത്തോട് : നാലു പതിറ്റാണ്ടുകളായി രണ്ടു വാർഡുകളിലെ അറുപതോളം കുടുംബങ്ങൾക്ക് ആശ്രയമേകിയിരുന്ന പഞ്ചായത്ത് കിണറ്റിലെ വെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയെന്ന് പരിശോധക സംഘം അറിയിച്ചതോടെ കിണറ്റിലെ വെള്ളം ഉപയോഗിച്ചിരുന്ന പ്രദേശവാസികൾ ദുരിതത്തിലായി.

കോരുത്തോട് പഞ്ചായത്തിലെ മടുക്ക പാറമട ഭാഗത്തെ പന്ത്കളം ഭാഗത്തെ കിണറ്റിലാണ് ഈ അവസ്ഥ. നേരത്തെ മുണ്ടക്കയം പഞ്ചായത്തിന്റെ ഭാഗമായിരുന്ന സമയത്ത് നാൽപത് വർഷം മുമ്പ് കുത്തിയതാണ് ഈ കിണർ. ആറുമാസം മുമ്പാണ് കിണറ്റിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടു തുടങ്ങിയത്. പിന്നീട് വെള്ളത്തിന് ദുർഗന്ധമായി. ഇതോടെ കിണറ്റിലെ വെള്ളത്തിൽ അമോണിയാ , ക്ലോറൈഡ് എന്നിവയുടെ സാന്നിധ്യം കൂടുതലാണെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ച് കിണർ കഴുകി. എന്നാൽ രണ്ടു ദിവസം പിന്നിട്ടതോടെ കിണറ്റിലെ വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. വെള്ളം വീണ്ടും പരിശോധനയ്ക്ക് അയച്ചതോടെ ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കുവാൻ കഴിയില്ലെന്ന് ലാബോറട്ടറി അധികൃതർ വിധിയെഴുതുകയായിരുന്നു. ഇതോടെ അറുപതിലധികം കുടുംബങ്ങൾക്കുള്ള ജലശേഖര സംവിധാനം ഇല്ലാതായി.

കടുത്ത വേനലിലും കുടിവെള്ളം നൽകിയിരുന്ന കിണറാണിത്. ചകിരിമേട് വരെ എത്തിയിട്ടുള്ള ജലവിതരണ പൈപ്പുകൾ ഈ ഭാഗത്തേക്ക് നീട്ടുകയും ഇവിടെ പുതിയ കിണർ സ്ഥാപിക്കുകയും വേണമെന്ന് സി പി ഐ എം കോരുത്തോട് ലോക്കൽ സെക്രട്ടറി പി കെ സുധീർ ആവശ്യപ്പെട്ടു

error: Content is protected !!