KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് തീ പിടിച്ചതല്ല, പിടിപ്പിച്ചത് : പ്രതി അറസ്റ്റിൽ .

മുണ്ടക്കയം : ടൗണിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന കെട്ടിടത്തിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടുത്തത്തിന്റെ നിഗൂഢതയുടെ ചുരുൾ അഴിഞ്ഞു. തീ പിടിച്ചതല്ല, മനപൂർവം ഒരാൾ തീ പിടിപ്പിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൽ കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നേൽ സജു ജോസഫ് (45) നെയാണ് മുണ്ടക്കയം സി.ഐ. എം.ആർ രാകേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാൾ പ്ലാസ്റ്റിക് മാലിന്യത്തിന് തീ കൊളുത്തുകയായിരുന്നു. സമീപത്തെ സി.സി. ടി.വി ദൃശ്യത്തിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്നു നടന്ന തെരച്ചിലിൽ പ്രതിയെ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി , പെരുവന്താനം പൊലീസ്റ്റേഷനുകളിൽ മോഷണ – അടിപിടി കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.

മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഞായറാഴ്ച തീ പിടിച്ചത്. തീപിടുത്തതിനിടയിൽ സ്ഫോടന ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു . കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും, പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് ആദ്യം കരുതിയെങ്കിലും, സംഭവ സ്ഥലത്ത് അതിനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ പോലീസ് ആദ്യം മുതൽ തന്നെ, ആരോ മനപൂർവം കത്തിച്ചത് ആണെന്ന് സംശയിച്ചിരുന്നു

error: Content is protected !!