ഹരിത ശോഭയിൽ കുന്നുംഭാഗത്ത് പുതിയ അംഗൻവാടി.. വാർഡ് മെമ്പർ ആന്റണി മാർട്ടിന് നന്ദി ..
കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം :- അസാധ്യമെന്ന് ഏറെക്കുറെ കരുതിയ ഒരു അടിയന്തിര ജനകീയ ആവശ്യം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലും ചാരിതാർഥ്യത്തിലുമാണ് ചിറക്കടവ് പഞ്ചായത്ത് വാർഡ് മെംമ്പർ ആന്റണി മാർട്ടിൻ.
കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂളിൽ സ്പോർട്സ് സ്കൂൾ അനുവദിച്ചപ്പോൾ ഇവിടെ പ്രവർത്തിച്ചിരുന്ന 117- നമ്പർ അംഗൻവാടിയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു. സ്പോർട്സ് സ്കൂളിന്റെ മാനദണ്ഡമനുസരിച്ച് അംഗൻവാടിക്ക് സ്കൂളിൽ പ്രവർത്തിക്കാൻ അനുമതിയില്ലാത്തതായിരുന്നു അതിന് കാരണം. ഇതോടെ അംഗൻവാടി ടീച്ചർ പ്രസീതയും കുട്ടികളും എങ്ങോട്ട് പോകണമെന്ന് ആശങ്കയിൽ ആയി. ഗർഭിണികളും കുഞ്ഞുങ്ങളും അടക്കം നിരവധി ആവശ്യങ്ങൾക്ക് ആളുകൾ ആദ്യം സമീപിക്കുന്ന വാർഡിലെ ഒരു സർക്കാർ സ്ഥാപനം ഇല്ലാതാകുന്നത് വാർഡ് മെമ്പർ ആന്റണി മാർട്ടിനെയും വിഷമ വൃത്തത്തിൽ ആക്കി. സ്ഥലം ലഭ്യമാക്കിയാൽ ഫണ്ട് അനുവദിക്കാമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ അറിയിച്ചുവെങ്കിലും സ്ഥലത്തിന് പൊന്നും വിലയുള്ള കുന്ന ഭാഗത്ത് സ്ഥലം ലഭ്യമാക്കുവാൻ പ്രയാസം നേരിട്ടു. അവസാനം കരിപ്പാപറമ്പിൽ സിസ്റ്റർ കൊച്ചു റാണിയെ 3 സെന്റ് സ്ഥലത്തിനായി സമീപിച്ചപ്പോൾ അഞ്ചു സെന്റ് സ്ഥലം ഗവൺമെന്റ് സ്കൂളിനടുത്ത് തന്നെ നൽകുകയായിരുന്നു. പരിസ്ഥിതി സൗഹൃദമായിരിക്കണം അംഗൻവാടിയുടെ നിർമ്മിതിയും പരിസരവും എന്ന നിബന്ധന മാത്രമാണ് സിസ്റ്റർ കൊച്ചു റാണി മുന്നോട്ടുവച്ചത്.
തുടർന്ന് ഡോക്ടർ എൻ ജയരാജ് എംഎൽഎ 20 ലക്ഷം രൂപ അംഗൻവാടിക്ക് ഫണ്ട് അനുവദിച്ചു. പരിസ്ഥിതി സൗഹൃദ അംഗൻവാടിക്ക് യോജിച്ച പ്ലാൻ ആർക്കിടെക് ശ്രീകാന്ത് പങ്കപാട്ട് വരച്ചു നൽകി. നഷ്ടമാകും എന്ന് കരുതിയ അംഗൻവാടിയുടെ ശിലാസ്ഥാപന ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി മാറ്റി. അംഗൻവാടിക്ക് സ്ഥലവും ഫണ്ടും ലഭ്യമാക്കുവാൻ കഠിന പരിശ്രമം നടത്തിയ വാർഡ് മെമ്പർ ആന്റണി മാർട്ടിനെ യോഗം അഭിനന്ദിച്ചു.
അംഗൻവാടിയുടെ ശിലാസ്ഥാപനം ഡോക്ടർ എൻ ജയരാജ എംഎൽഎയും അംഗൻവാടിക്ക് സ്ഥലം നൽകിയ സിസ്റ്റർ കൊച്ചുറാണി കരിപ്പാപറമ്പിലും ചേർന്ന് നിർവഹിച്ചു. തുടർന്നു നടന്ന യോഗം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ബ്ലോക്ക് മെമ്പർമാരായ ഷാജി പാമ്പൂരി, ബി രവീന്ദ്രൻ നായർ,അഭിലാഷ് ചന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന മുട്ടത്ത്,എംജി വിനോദ്, കെ എബ്രഹാം,അമ്പിളി ശിവദാസ്, ഷാക്കി സജീവ്,ശ്രീലത സന്തോഷ്,ലീന കൃഷ്ണകുമാർ, ബാലചന്ദ്രൻ ഉറുമ്പിൽ, വി എൻ കരുണാകരൻ,മറിയമ്മ ആന്റണി,മാർട്ടിൻ വാഴവേലി,റെജി കാവുങ്കൽ, ജോർജുകുട്ടി കടമപുഴ, ബിജു മിഷ്യൻ പറമ്പിൽ, മധു താവുകുന്നേൽ, ജോയ് മുണ്ടു വേലിക്കുന്നൽ എന്നിവർ പ്രസംഗിച്ചു.
