നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറുവള്ളി പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. പാലാ 12-ാം മൈൽ സ്വദേശികളായ രോഹിത്ത്(35), ഇഷാൻ(അഞ്ച്) എന്നിവർക്കാണ് പരിക്ക്. ഇവരെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട് അരികിലെ കാനയ്ക്ക് മുകളിലൂടെ പറമ്പിലേക്ക് പാഞ്ഞു കയറിയ കാറിന്റെ മുൻഭാഗം മരത്തിലിടിക്കുകയായിരുന്നു. മുൻപും ഈ ഭാഗത്ത് അപകടം നടന്നിട്ടുണ്ട്. ആഴമുള്ള കാനയിലേക്ക് വാഹനങ്ങൾ പെടാതിരിക്കാൻ അടയാളത്തൂണുകളോ ക്രാഷ്ബാരിയറോ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നേരത്തെ മുതൽ ആവശ്യപ്പെടുന്നതാണ്.
