എം ജി സൗത്ത് സോൺ വനിതാ ഷട്ടിൽ ; പാലാ സെന്റ് തോമസ് കോളേജ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ നടന്ന രണ്ടാമത് എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. പാത്താമുട്ടം സെയിന്റ് ഗിറ്റ്സ് കോളേജിനാണ് രണ്ടാം സ്‌ഥാനം പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്‌ഥാനം നേടി.
സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 14 കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെട്ടത്. ഈ മത്സരത്തിൽ ആദ്യ നാലു സ്‌ഥാനം നേടിയ ടീമുകൾ എറണാകുളത്ത് വച്ച് നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടി.കുട്ടിക്കാനം മരിയൻ കോളേജിനാണ് നാലാം സ്‌ഥാനം. നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്.
പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ ശശികുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി ശ്രീ പ്രവീൺ തര്യൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ സാബിർ അലി, സ്പോർട്സ് സെക്രട്ടറി ശ്രീ ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
