എരുമേലിയിൽ 900 പാക്കറ്റ് സിന്ദൂരം പിടിച്ചെടുത്തു ; നിരോധിത രാസസിന്ദൂരമാണോയെന്ന് പരിശോധിക്കും
എരുമേലി : തീർഥാടന നഗരത്തിലെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച 900 പാക്കറ്റ് സിന്ദുരം സ്പെഷൽ സ്ക്വാഡ് പിടികൂടി. ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ജെമില ഹെലൻ ജേക്കബ്, : ബബിത കെ.വാഴയിൽ, താര എസ്.പിള്ള, എസ്.ഉദ്യോഗസ്‌ഥ രായ ശരത്‌കുമാർ, കെ.എ.റെയ്‌സ് എന്നിവർ അടങ്ങിയ സംഘമാണ് എരുമേലിയിൽ വച്ച് 900 പാക്കറ്റ് സിന്ദൂരം പിടിച്ചെടുത്തത് .
നിരോധിത രാസസിന്ദൂരമാണോ പിടികൂടിയതെന്ന് പരിശോധിക്കുന്നതിനു സാംപിൾ സർക്കാർ ലബോറട്ടറിയിലേക്ക് അയയ്ക്കും. കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഡ്രഗ്‌സ് ഇൻസ്പെക്ടർ മാർ ഉൾപ്പെട്ട സംഘമാണ് സിന്ദൂരം പിടികൂടിയത്. പിടികൂടിയ പാക്കറ്റുകളിൽ നിർമാണ ലൈസൻസോ മറ്റു വിവരങ്ങളോ ഉൽപന്നവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെടുത്ത് വിൽപന മരവിപ്പിച്ചതെന്ന് അസിസ്‌റ്റന്റ്റ് ഡ്രഗ്സ് കൺട്രോളർ അജു ജോസഫ് കുര്യൻ പറഞ്ഞു.
