KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതീർത്ഥാടകർ മലയാറ്റൂരിലേക്ക് പദയാത്ര നടത്തി

കാഞ്ഞിരപ്പളി : തോമാശ്ലീഹായുടെ പാദ സ്പർശനമേറ്റ മലയാറ്റൂർ കുരിശുമുടി പുണ്യസങ്കേതത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി -എസ് എം വൈ എം യുവജനങ്ങൾ രൂപതാ ഡയറക്ടർ തോമസ് നരിപ്പാറയിൽ അച്ചനോടൊപ്പം മലയാറ്റൂരിലേക്കു പദയാത്ര നടത്തി . വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ 5 മണിക്ക് നരിപ്പാറയിൽ തോമസ് അച്ചൻ അർപ്പിച്ച പരിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് തീർഥാടന സംഘം പദയാത്ര ആരംഭിച്ചത്. തീർത്ഥാടക സംഘത്തിന് പ്രാർഥനാ മംഗളങ്ങൾ നേരുന്നതിന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എത്തിയിരുന്നു.
നോമ്പുകാല ചൈതന്യത്തോട് ചേർന്ന് സംഘടിപ്പിച്ച പദയാത്രയിൽ ഇരുപതോളം യുവജന സുഹൃത്തുക്കളാണ് പങ്കെടുക്കുന്നത്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കനൽ വഴികളിലൂടെ വിശ്വാസത്തിന്റെ കരുത്തുമായിട്ടാണ് യുവജനങ്ങൾ കുരിശുമുടിയിലേക്ക് തീർത്ഥാടനം നടത്തിയത്. ഈശോ മിശിഹായുടെ ദിവ്യ രഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് നടന്നു നീങ്ങിയ തീർത്ഥാടകർ യാമ ശുശ്രൂഷകളും സ്ലീവപാതയും ജപമാല പ്രാർഥനകളുമായാണ് യാത്ര ചെയ്തത് . യുവജനങ്ങൾ കഠിനമായ പാതകളെ വിശ്വാസം കൊണ്ട് അതിജീവിക്കാനും ആത്മീയ നവീകരണം പ്രാപിക്കാനും ഈ പദയാത്ര ലക്ഷ്യമിടുന്നു.

ഫോട്ടോ അടിക്കുറിപ്പ് : കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നിന്നും മലയാറ്റൂരിലേക്ക് പദയാത്രയായി തീർത്ഥാടനം ചെയ്യുന്ന രൂപത യുവദീപ്തി – എസ് എം വൈ എം പ്രവർത്തകർ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പഴയപള്ളി റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ, രൂപത യുവദീപ്തി – എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ആനിമേറ്റർ സി . ബ്രിജിത്ത് പുല്ലുമാരിക്കുടിയിൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർക്കൊപ്പം

error: Content is protected !!