ട്വന്റി-ട്വന്റി പാർട്ടി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.
കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൊരട്ടി, മണങ്ങല്ലൂർ വാർഡുകളിലെ നിരവധി ട്വന്റി-ട്വന്റി പാർട്ടി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്വന്റി-ട്വന്റി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന സജി ചെറിയാൻ പാഴൂരിന്റെ നേതൃത്വത്തിലാണ്, ബിജെപി മുന്നണിയിൽ ട്വന്റി-ട്വന്റി പാർട്ടി ചേർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.
“പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കോട്ടയം ജില്ലയിൽ എത്തുമ്പോൾ കോൺഗ്രസ് പാർട്ടിയിലേക്ക് ട്വന്റി-ട്വന്റി പ്രവർത്തകരുടെ കടന്നുവരവ് ആവേശം നൽകുന്നതാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷെജി പാറക്കൽ, പി മോഹനൻ, അബ്ദുൽ ഫത്താക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസി കുറ്റുവേലിൽ, സബിത തുണ്ടിയിൽ, നേതാക്കളായ ജോസഫ് ഉറുമ്പുനിരപ്പേൽ, കെ കെ ബാബു, സെബാസ്റ്റ്യൻ ചെമ്മരപ്പള്ളിയിൽ, ടോമി തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
