എരുമേലി വലിയമ്പലഭാഗത്ത് ചെക്ക് ഡാം : എംഎൽഎ 75 ലക്ഷം അനുവദിച്ചു.
എരുമേലി : അയ്യപ്പഭക്തരുടെ സ്നാന ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വലിയമ്പലം ഭാഗത്ത് വലിയ തോട്ടിൽ പുതിയ ചെക്ക് ഡാം നിർമിക്കാൻ 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിലുള്ള ചെക്ക് ഡാം കാലപ്പഴക്കം മൂലം തകരാറിലാവുകയും, ജലസംഭരണത്തിന് കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ ചെക്ക് ഡാം നിർമിക്കുന്നത്. 16 മീറ്റർ വീതിയിലും 14.1 മീറ്റർ നീളത്തിലും നിർമിക്കുന്ന ചെക്ക്ഡാമിന് 1.8 മീറ്റർ ഉയരത്തിൽ ജലം സംഭരിക്കുവാൻ ശേഷിയുണ്ടാകും. കൂടാതെ എട്ട് ഷട്ടർകൾ ഉള്ള ഈ ചെക്കു ഡാമിൽ ആറ് എഫ്ആർപി ഷട്ടറുകളും രണ്ട് മെക്കാനിക്കൽ ഷട്ടറുകളുമുണ്ടാകും. മെക്കാനിക്കൽ ഷട്ടർ ഉപയോഗിക്കുന്നത് മൂലം തീർത്ഥാടന കാലയളവിൽ തീർത്ഥാടകർക്ക് ജല ലഭ്യത ഉറപ്പുവരുത്തുവാനും അളവ് നിയന്ത്രിക്കുവാനും സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു.
