പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർഥി ആര് ? കേരള കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ മത്സരിക്കുവാൻ നിരവധി പ്രമുഖർ..
കാഞ്ഞിരപ്പള്ളി :- കോട്ടയം ജില്ലയിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുവാൻ പോകുന്ന മണ്ഡലമാണ് പൂഞ്ഞാർ. സിറ്റിംഗ് എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കലും ബിജെപിയുടെ ദേശീയ നേതാവ് പിസി ജോർജ്ജും മത്സരരംഗത്ത് ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അപ്പോൾ തന്നെ മത്സരം തീപാറും എന്നത് തീർച്ച. യുഡിഎഫിൽ ഏതു പാർട്ടിക്കാണ് സീറ്റ് എന്ന് ഇനിയും തീരുമാനമായില്ല . എങ്കിലും ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് വാച്ചുമാറി പൂഞ്ഞാർ സീറ്റ് കേരളാ കോൺഗ്രസ് ഏറ്റെടുക്കുവാനാണ് സാധ്യത .
കേരളാ കോൺഗ്രസിന് പൂഞ്ഞാർ സീറ്റ് ലഭിച്ചാൽ മത്സരിക്കുവാൻ നിരവധി പ്രമുഖരാണ് പന്തിയിൽ ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ സാധ്യത അഡ്വ. സോണി തോമസിനാണ് , മറിയാമ്മ ടീച്ചർ , സാബു പ്ലാത്തോട്ടം, മജു പുളിക്കൽ , ജോജി വാളിപ്ലാക്കൽ എന്നിവരും സാധ്യത ലിസ്റ്റിൽ ഉണ്ട്. മുതിർന്ന അഭിഭാഷകനായ അഡ്വ. സോണി തോമസ്, മുൻ ബാർ കൗൺസിൽ പ്രസിഡന്റും , കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജിന്റെ മുൻ ചെയർമാനും , മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും , ഒപ്പം മികച്ച സാമൂഹിക പ്രവർത്തകനും ആണ്. മറിയാമ്മ ടീച്ചർ കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര സമിതി അംഗവും, മുൻ ജില്ലാ പഞ്ചായത്ത് അംഗവും , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ആണ് . കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര സമിതി അംഗമായ സാബു പ്ലാത്തോട്ടം തിടനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . അദ്ധ്യാപകനായ മജു പുളിക്കൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റും, പാർട്ടി സെക്രട്ടറിയുമാണ് . നിരവധി അവാർഡുകൾ നേടിയിട്ടുള്ള ജോജി വാളിപ്ലാക്കൽ മികച്ച കർഷകനായി പേരെടുത്തയാളാണ് . കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോജി , കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജിന്റെ മുൻ ഭാരവാഹിയും കർഷക നേതാവുമാണ് .
കഴിഞ്ഞ തവണ പൂഞ്ഞാർ മണ്ഡലത്തിൽ ശക്തമായ മത്സരത്തിനോടുവിൽ ഏകദേശം 17,000 ത്തോളം വോട്ടുകൾക്കാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്.. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു പി.സി ജോർജ്ജ് മത്സരിച്ചിരുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 58,668 വോട്ടുകൾ ലഭിച്ചപ്പോൾ പിസി ജോർജിന് 41,851 വോട്ടുകൾ ലഭിച്ചു. 34,633 വോട്ടുമായി കോൺഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിക്ക് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ നിരവധി തവണ പൂഞ്ഞാറിനെ നയിച്ച പിസി ജോർജ് താൻ നടത്തിയ വികസന പ്രവർത്തനങ്ങളും നിലവിലത്തെ വികസനം മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് തീരുമാനിച്ചാൽ വലിയ രീതിയിലുള്ള പ്രചാരണത്തിനാണ് യുഡിഎഫ് പദ്ധതിയിടുന്നത് .
ബിജെപി ടിക്കറ്റിൽ പിസി ജോർജിന്റെ ആദ്യ മത്സരമാണിത്. ബിജെപിയുടെ പിന്തുണ കൂടിയാകുമ്പോൾ ജയം ഉറപ്പ് എന്നാണ് എൻഡിഎ ക്യാമ്പ് വിലയിരുത്തുന്നത്. എൽഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലും വിജയപ്രതീക്ഷയിലും ആണ്.സ്ഥാനാർത്ഥി നിർണയമായി ബന്ധപ്പെട്ട കാര്യമായ വെല്ലുവിളികൾ ഒന്നും തന്നെ എൽഡിഎഫിനെ അലോസരപ്പെടുത്തുന്നില്ല.
സംസ്ഥനമാകെ യുഡിഎഫ് തരംഗം പ്രതീക്ഷിക്കുന്നതിനാൽ , മതസമവാക്യങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള പൂഞ്ഞാറിന്റെ മണ്ണ് ഇത്തവണ ആർക്കൊപ്പം ചിന്തിക്കും എന്നത് പ്രവചന അതീതമാണ്. അതിശക്തരായ സ്ഥാനാർത്ഥികളെ യുഡിഎഫ് മത്സരത്തിനിറക്കിയാൽ മത്സരം വീണ്ടും കടുത്തതാകും എന്നത് തീർച്ച. എന്തായാലും പൂഞ്ഞാറിൽ ശക്തമായ ത്രികോണ മത്സരമായിക്കും ഉണ്ടാവുക എന്നുറപ്പാണ് .
