KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സീറ്റ് ബെൽറ്റ് അന്തകനായി .. വെള്ളം നിറഞ്ഞ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ കാറിൽ നിന്നും സീറ്റ് ബെൽറ്റ് അഴിക്കാനായില്ല; വാഹനം ഓടിച്ച യുവാവിന് ദാരുണാന്ത്യം ..

കുട്ടിക്കാനം : വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ജീവൻ രക്ഷിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ്. എന്നാൽ ചില അപൂർവം സന്ദർഭങ്ങളിൽ അപകടത്തിൽ പെടുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ സീറ്റ് ബെൽറ്റ് ഊരുവാനാകാതെ കുടുങ്ങിയാൽ അത് ദുരന്തത്തിൽ കലാശിച്ചേക്കാം .
കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, സീറ്റ് ബെൽറ്റ് അഴിക്കാനാവാതെ വന്ന യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ നാലു പേർ പരിക്കുകളോടെ രക്ഷപെട്ടു .

ഏലപ്പാറ ചിന്നാര്‍ ഏറുമ്പടത്തിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ വാഹനമോടിച്ചിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിന്‍ ഏണസ്റ്റ് മരണപെട്ടു . തിരുവനന്തപുരത്തുനിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ജെറിന്‍ സീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ പുറത്തിറങ്ങാനാവാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിയതാണ് മരിക്കാന്‍ ഇടയായത്. പുറത്തെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും പീരുമേട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വാഹനത്തില്‍ അഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറിന്റെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അജിന്‍ (36) പീരുമേട് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാറാണ് 50 അടി കാഴ്ചയിലേയ്ക്ക് മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞ ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കൈതപ്പതാല്‍ തോട്ടില്‍ പതിക്കുകയായിരുന്നു. ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് അപകട കാരണം എന്നാണ് റിപ്പോർട്ട്.

രാവിലെ പള്ളിയിലേയ്ക്ക് പോയവരാണ് കാര്‍ മറിയുന്നത് കണ്ടത്. പിന്നീട് നാട്ടുകാരും സമീപത്തെ കട്ടക്കളത്തില്‍ ജോലി ചെയ്യുന്ന അതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചെങ്കുത്തായ പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞെത്തിയ ഉപ്പുതറ പോലീസാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

error: Content is protected !!