കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് മൂന്ന് ആഴ്ചത്തേക്ക് അടയ്ക്കും: കോൺക്രീറ്റ് പണി സെപ്റ്റംബർ 13 മുതൽ.
കാഞ്ഞിരപ്പള്ളി : തകർന്നുകിടക്കുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഒക്ടോബർ 3 വരെ അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിപത്യാല അറിയിച്ചു.റീ-ടാറിംഗിന് പകരം കമ്പിയിട്ട് ഉയർന്ന നിലവാരത്തിൽ കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം.
റോഡ് അടയ്ക്കുന്നതോടെ ഗതാഗതത്തിൽ മാറ്റം വരും. ദീർഘദൂര ബസുകൾ ബസ് സ്റ്റാൻഡിനകത്ത് കയറില്ല. കിഴക്കോട്ട് പോകേണ്ട ബസുകൾ സിവിൽ സ്റ്റേഷന് മുൻവശത്തും, പടിഞ്ഞാറോട്ട് പോകുന്നവ എസ്.എം ടെക്സ്റ്റൈൽസിന് എതിർവശത്തും ആളെ ഇറക്കി പോകണം. ചേനപ്പാടി, മണിമല, തമ്പലക്കാട്, ഈരാറ്റുപേട്ട ഭാഗത്തുനിന്നുള്ള ബസുകൾ ബസ് ഇറങ്ങി വരുന്ന വഴിയിലൂടെ തന്നെ കയറി ഇറങ്ങണം. ബസ് സ്റ്റാൻഡിനകത്ത് ചെറു വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും റോഡിന്റെ ഇരുവശത്തുമുള്ള പാർക്കിംഗ് ഒഴിവാക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. പോലീസ്, മോട്ടോർ വാഹന വകുപ്പ്, ബസ് അസോസിയേഷൻ, വ്യാപാരികൾ എന്നിവരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
