അകക്കണ്ണിന്റെ വെളിച്ചവുമായി ആര്യയും, ജ്യോൽസ്നയും കേരളത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കാൻ ഒറീസയിലേക്ക്.
കാളകെട്ടി : അന്ധതയുടെ ലോകത്തെ പരിമിതികളെ അകക്കണ്ണിന്റെ വെളിച്ചത്തിൽ അതിജീവിച്ച്, കേരളത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കാൻ, കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആര്യ പ്രകാശും, ജ്യോൽസ്നയും ശനിയാഴ്ച ഒറീസയിലേക്ക് യാത്ര തിരിക്കും. ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ഈ കുട്ടികളും, അവരുടെ കൂട്ടുകാരും. .
പത്താം ക്ലാസിൽ പഠിക്കുന്ന ആര്യ പ്രകാശ് അടൂർ പ്രകാശ് ഭവനത്തിലെ മെക്കാനിക്കായ പ്രകാശിന്റെയും, മായയുടെയും മകളാണ്. കാളകെട്ടി അസീസി അന്ധ വിദ്യാലയത്തിൽ താമസിച്ച്, അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ എസ്.എസ്. എൽ. സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് ക്രിക്കറ്റ് പരിശീലനം നടത്തി മികവ് തെളിയിച്ചത്.
കപ്പാട് സ്വദേശിനിയായ ജ്യോൽസ്ന കപ്പിത്താൻ പറമ്പിൽ ജോസഫിന്റെയും, ലൈലാമയുടെയും മകളാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന ജ്യോൽസ്ന, നല്ലൊരു ഗായികയും, കീബോർഡ് വായനയിൽ വിദഗ്ധയുമാണ്. വരുന്ന മാസം ബെംഗളൂരുവിൽ വച്ച് നടക്കുന്ന വിഷൻ എം പവർമെന്റ് പ്രോഗ്രാമിൽ ഗണിത വിഭാഗത്തിൽ എക്സ്പെരിമെന്റ് അവതരിപ്പിക്കുവാനും ജ്യോൽസ്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാളെ ആലുവായിലെത്തി കൂടുകാർക്കും പരിശീലകർക്കുമൊപ്പം ഈ കുട്ടികൾ ഒറീസക്ക് തിരിക്കും. അച്ചാമ്മ മെമ്മോറിയൽ സ്കൂൾ ഹെഡ് മാസ്റ്റർ രാജീവ് ജോസഫും, അധ്യാപകരും, സഹപാഠികളും ഈ കുട്ടികളെ അനുമോദിക്കുകയും, വിജയാശംസകൾ നേരുകയും ചെയ്തു.
