വാഗമൺ മേഖലയിൽ കനത്തമഴ; മണ്ണിടിച്ചിൽ… ഗതാഗതം തടസ്സപ്പെട്ടു, രണ്ടു മരണം
ഈരാറ്റുപേട്ട : മലയോര മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 2 മരണം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളത്ത് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണ് ഉറവപ്ലാവിൽ ചേലകാട്ട് ജോസഫും (അപ്പച്ചൻ-80) , ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശേരിക്കു സമീപം കൽക്കെട്ട് ഇടിഞ്ഞുവീണ്, സ്കൂട്ടർ യാത്രികയായ ചെന്നൈ ജവാഹർ നഗർ സ്വദേശി സംഗീത അരുൾലാലുമാണ് (35) മരിച്ചത്. പെരിങ്ങുളത്ത് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
വാഗമൺ സന്ദർശിച്ചു മടങ്ങുന്നതിനിടെയാണു സംഗീതയും കൂട്ടുകാരിയും വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപെട്ടത്.ഇവരുടെ സ്കൂട്ടറിനു മുകളിലേ ക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യു വതി പരുക്കേൽ ക്കാതെ രക്ഷപെട്ടു.
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ മഴയിൽ വാഗമൺ റോഡിൽ തീക്കോയി കാരികാട് ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ രണ്ട് കാറുകൾക്കു കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
ഞായറാഴ്ച മൂന്ന് മണിയോടെ ആരംഭിച്ച ശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തീക്കോയി, തലനാട്, മൂന്നിലവ്, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചാത്തുകളിലും വാഗമൺ പ്രദേശത്തും ശക്തമായ മഴയാണ് പെയ്തത്. മണ്ണിടിച്ചിലുണ്ടായതോടെ വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി രാത്രിയിലാണ് ഗതാഗതം പുനരാരംഭിച്ചത്. വാഗമണ്ണിൽനിന്നും കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഏലപ്പാറ, മുണ്ടക്കയം വഴി തിരിച്ചുവിട്ടു. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ശക്തമായ വെള്ളമൊഴുക്കുണ്ട്. വഴിക്കടവ് ഡാം, മാർമല വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ അപകടകരാംവിധം വെള്ളമൊഴുക്കാണ്. വാഗമൺ മലനിരകളിൽ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരുവാൻ കാരണമായത്. വാഗമണ്ണിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം തിക്കോയി വഴിയാണ് മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്നത്.
പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ, നഗരസഭാധ്യക്ഷൻ വി.പി നാസർ എന്നിവർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മോൻസ് ജോസഫ്, എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ. എന്നിവർ ഈരാറ്റുപേട്ടയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിക്കോയി
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ്, ജിബിൻ സെബാസ്റ്റിയൻ, മോഹനൻ കുട്ടപ്പൻ എന്നി വരുടെ നേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തു.
