കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ലോട്ടറിക്ക് സമാന്തര ലോട്ടറി നടത്തിയ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ.
കാഞ്ഞിരപ്പള്ളി : അമിത ലാഭത്തിനായി ലോട്ടറി നിയമം ലംഘിച്ച് സർക്കാരിലേക്ക് നികുതി അടക്കാതെ അനധികൃതമായി മൊബൈൽ ഫോൺ മുഖാന്തിരം സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് സ്കൂൾ റോഡിൽ താമസിക്കുന്ന ഇരവിമംഗലം ടോം ബേബി ( 46 ) ആണ് അറസ്‌റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കാഞ്ഞിരപ്പള്ളി പോലീസിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
പ്രതി കൃത്യത്തിന് ഉപയോഗിച്ചു വന്നിരുന്ന മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂട്ടാളികളായി ഉള്ളവരെ കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നു
ഉപഭോക്താവിനു പേപ്പറിൽ എഴുതിയോ വാട്‌സാപ്പിലൂടെയോ ടെക്സ്റ്റ് മെസേജ് ആയോ നാലക്കനമ്പർ നൽകിയാണ് സമാന്തര ലോട്ടറിയുടെ പ്രവർത്തനത്തിന്റെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഈ നമ്പറിൽ അവസാനിക്കുന്ന എത്ര ടിക്കറ്റ് വേണമെങ്കിലും പണം അടച്ചു ബുക്ക് ചെയ്യാം. അന്നു നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോൾ ഈ നാലക്ക നമ്പറിന് സമ്മാനമുണ്ടങ്കിൽ അതനുസരിച്ചു ഉപഭോക്താവ് ബുക്ക് ചെയ്ത ടിക്കറ്റിന് അനുസൃതമായ തുക യുപിഐ വഴിയോ നേരിട്ടോ നൽകും.
സംസ്ഥാന ഭാഗ്യക്കുറിക്കു ടിക്കറ്റൊന്നിനു 50 രൂപയാണു വിലയെങ്കിൽ സമാന്തര ലോട്ടറിക്കു 30-40 വരെ മാത്രമാണു തട്ടിപ്പു സംഘം വാങ്ങുന്നത്. ഇതിനാൽ ഇതിനു ഉപഭോക്താക്കളേറെയാണ്.
ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് വ്യാജ ലോട്ടറികൾ പ്രചരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇയാൾ വ്യാജ ലോട്ടറി നടത്തിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് പരിസരപ്രദേശത്തെ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായി പറയപ്പെടുന്നു. ഇയാൾ മുൻപ് മറ്റുള്ളവരെ സഹായിക്കാൻ എന്ന വ്യാജേന പിരിവെടുത്ത് തട്ടിപ്പ് നടത്തിയിരുന്നു. സാമൂഹ്യ സേവനമെന്ന വ്യാജേന പോലീസിന്റെ പോലും അംഗീകാരം ആർജ്ജിച്ചതിനുശേഷം തട്ടിപ്പ് നടത്തി വരുകയായിരുന്നു പതിവ്.
