KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – കുളത്തൂർമുഴി ലിങ്ക് റോഡ് ആദ്യ റീച്ച് മണ്ഡലകാലത്തിന് മുൻപ് പൂർത്തിയാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചെന്ന് റോണി കെ ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി  – മണിമല –  കുളത്തൂർമൂഴി പരിസ്ഥിതി സൗഹൃദ ലിങ്ക് റോഡിൻ്റെ ആദ്യ റീച്ചായ കാഞ്ഞിരപ്പള്ളി മുതൽ മന്നനാനി വരെയുള്ള ഏഴ് കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ ശബരിമല മണ്ഡലകാലത്തിന് മുൻപ് പൂർത്തിയാക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ നിയമസഭയെ അറിയിച്ചു. കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

കാഞ്ഞിരപ്പള്ളി മുതൽ മന്നനാനി വരെയുള്ള ഭാഗത്ത് റോഡിൻ്റെ സംരക്ഷണ ഭിത്തികളും കലുങ്കുകളുടെ നിർമ്മാണ പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ കലുങ്കുകളുടെ വിങ് വാളുകളുടെ പ്രവർത്തികളും റോഡിൻ്റെ ഫോർമേഷൻ പ്രവൃർത്തികളും നടന്നുവരികയാണെന്നും പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും മണ്ഡല കാലത്തിന് മുൻപ് ആദ്യ റീച്ച് ഗതാഗത യോഗ്യമാക്കാൻ തീവ്രശ്രമം നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

കെ ആർ എഫ് ബി — പി എം യു മുഖേന കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കർഷക സൗഹൃദ ലിങ്ക് റോഡിന് ഭരണാനുമതി ലഭിച്ചത് 2017 ലാണ്. ഏഴ് മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ്ങും ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ റോഡിൻ്റെ ഷോൾഡർ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

റോഡ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ വൈകിയതുമൂലമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയത്. പൊതുജനങ്ങളിൽ നിന്നും ഫ്രീ സറണ്ടർ മുഖേനയാണ് പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്. സ്ഥലം ലഭിക്കുന്നതിന് വന്ന തടസ്സങ്ങൾ നിർമ്മാണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ ജലപ്രളയം കലുങ്കുകളുടെ നിർമ്മാണം വൈകുന്നതിന് കാരണമായെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.

മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള രണ്ടാമത്തെ റീച്ചിൽ സ്ഥലം ഏറ്റെടുത്ത് സംരക്ഷണ ഭിത്തികളുടെ നിർമ്മാണം നടന്നു വരുന്നതായും റോണി കെ ബേബിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പി കെ ബഷീർ പറഞ്ഞു.

error: Content is protected !!