സ്കൂളിൽ പോകാൻ മടി : തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ കള്ളക്കഥ പോലിസ് പൊളിച്ചു.
മുക്കൂട്ടുതറ : കൊല്ലമുളയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം തിങ്കളാഴ്ച നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകൾ. വെച്ചൂച്ചിറ പോലീസിന്റെ സമയോചിതമായ ഇടപെടൽ ആണ് ഒടുവിൽ സത്യം പുറത്തെത്തിച്ചത്.
തിങ്കൾ രാവിലെ ആണ് സംഭവം. റോഡിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി നാട്ടുകാരോട് പറഞ്ഞത് തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ ഉള്ള ഒരു മാരുതി ഒമ്നി വാനിൽ ഒരു സംഘം പേർ ബലമായി തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കുതറി ഓടി വീണ് പരിക്കേറ്റെന്നായിരുന്നു. ഇത് വിശ്വസിച്ച ചിലർ അപ്പോൾ തന്നെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോസ്റ്റിട്ടു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ രക്ഷിതാക്കൾ പരിഭ്രാന്തിയിലായി. സ്കൂളുകളിലേക്ക് നിരവധി പേരാണ് ഫോൺ ചെയ്ത് വിവരം തിരക്കിയത്.
വിവരം അറിഞ്ഞ വെച്ചൂച്ചിറ എസ് ഐ അരുൺ സ്ഥലത്ത് എത്തി വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ട് ആശുപത്രിയിൽ എത്തിക്കുമ്പോൾ ആണ് താൻ പറഞ്ഞത് കളവ് ആണെന്നും സ്കൂളിൽ സഹപാഠികളുമായുള്ള പ്രശ്നം മൂലം സ്കൂളിൽ പോകാൻ മടി ആയപ്പോൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന പേരിൽ കള്ളം പറഞ്ഞത് ആണെന്നും വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥിയെ ആശ്വസിപ്പിച്ച പോലിസ് രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇവർക്കൊപ്പം വിദ്യാർത്ഥിയെ വിട്ടു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അലക്സ്, പി എച്ച് നഹാസ്, നിരവധി നാട്ടുകാർ, പൊതുപ്രവർത്തകർ ഉൾപ്പടെ ഒട്ടേറെ പേർ ആശുപത്രിയിലും പോലിസ് സ്റ്റേഷനിലും എത്തിയിരുന്നു. തട്ടിക്കൊണ്ടു പോകൽ വ്യാജ പ്രചരണം ആണെന്ന് ഉച്ചക്ക് ശേഷം ആണ് വ്യക്തമായത്.
