എരുമേലിയിൽ ‘വിശുദ്ധി സേന’യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
എരുമേലി :ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ എരുമേലിയുടെ ശുചിത്വവും പവിത്രതയും കാത്തുസൂക്ഷിക്കുന്ന ‘വിശുദ്ധി സേന’യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ.ഷെമീർ സേനയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്റെ പുണ്യപൂങ്കാവനമായ എരുമേലി താവളത്തെ മാലിന്യമുക്തവും വിശുദ്ധിയുള്ളതുമായ പ്രദേശമാക്കി നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സംഘമാണ് വിശുദ്ധി സേന.മധുര അയ്യപ്പ സേവാ സമാജത്തിന്റെ കീഴിൽ മധുരയിൽ നിന്നെത്തുന്ന 125 അംഗങ്ങളാണ് സംഘത്തിലുള്ളത്. തീർത്ഥാടന കാലത്ത് എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ദർശനവും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലും നടത്തുന്നതിനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം. ദിവസേനയുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ എരുമേലിയെ ശുചിത്വപൂർണ്ണമായി നിലനിർത്താൻ ഇവർ അക്ഷീണം പ്രയത്നിക്കും.
സേനാംഗങ്ങൾക്കായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ജോഡി യൂണിഫോമുകൾ നൽകി. സേനാംഗങ്ങൾക്കുള്ള താമസവും ഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഒരുക്കുന്നത്.
തീർത്ഥാടന കാലത്തുടനീളം നിസ്വാർത്ഥമായ സേവനത്തിലൂടെ എരുമേലിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന വിശുദ്ധി സേനയുടെ പ്രവർത്തനങ്ങൾ ഭക്തർക്കും നാട്ടുകാർക്കും ഒരുപോലെ മാതൃകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ പറഞ്ഞു . വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സിനിമോൾ തടത്തിൽ, ബിനു മറ്റക്കര, വി.ടി. അയൂബ് ഖാൻ , അംഗങ്ങളായ പി.ജി.സൂര്യകല, സിനി ജിബു, റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിനോയ് ഇലവുങ്കൽ,നാസർ പനച്ചി,ഷെമീന ലത്തീഫ് , മെഡിക്കൽ ഓഫീസർ ഡോ.ധന്യ സുശീലൻ,നോഡൽ ഓഫീസർ ഡോ.വെങ്കിടസ്വാമി, ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
