കോവിഡ്: മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറഞ്ഞു ;മൂന്നുമാസം കൂടുമ്പോൾ സ്റ്റോക്ക് വിവരം നൽകണം
കോവിഡ് കാലത്ത് ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന അഞ്ച് മെഡിക്കൽ ഉപകരണത്തിന് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ പരമാവധി വിൽപ്പനവില കുറഞ്ഞു. 83 ശതമാനംവരെ വിലക്കുറവാണ് ഓക്സിമീറ്ററിന്.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പൊതുതാത്‌പര്യാർഥം ഈ ഉപകരണങ്ങളുടെ വിപണിവിലയുടെ ഉയർന്നപരിധി നിർണയിച്ച് വിജ്ഞാപനവും ഇറക്കി. ഇതനുസരിച്ചുമാത്രമേ വിതരണക്കാർക്ക് വിലയീടാക്കാനാകൂ.
പൾസ് ഓക്സിമീറ്റർ, രക്തസമ്മർദ നിരീക്ഷണ യന്ത്രം, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവയുടെ വിലയാണ് കുറഞ്ഞത്.
ഇത്തരം ഉപകരണങ്ങൾ വിപണനം ചെയ്യുന്നവരുടെ പക്കലുള്ള സ്റ്റോക്ക് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തും. ഇതിന് സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കൺട്രോളർമാർക്ക് നിർദേശം നൽകി.
ആഗോളതലത്തിൽ 91 ശതമാനം ബ്രാൻഡുകൾ വില കുറച്ചിട്ടുണ്ട്. അഞ്ച് ഉപകരണങ്ങളിലെ 684 ബ്രാൻഡുകളിൽ 620 എണ്ണത്തിനും വില കുറഞ്ഞു.
ഉപകരണം, ആകെ ബ്രാൻഡുകൾ, വിലകുറച്ച ബ്രാൻഡുകൾ, വിലക്കുറവിന്റെ ശതമാനം എന്നീ ക്രമത്തിൽ
• പൾസ് ഓക്സിമീറ്റർ(ഫിംഗർ ടിപ്)-136-127-88 ശതമാനം
• പൾസ് ഓക്സിമീറ്റർ(മറ്റ് വിഭാഗം)-73-62-47
• രക്തസമ്മർദ നിരീക്ഷണയന്ത്രം-216-195-83
• നെബുലൈസർ-137-124-77
• ഡിജിറ്റൽ തെർമോമീറ്റർ-88-80-77
• ഗ്ലൂക്കോമീറ്റർ-34-32-80
