പ്രളയസെസ് കുടിശ്ശിക: കോവിഡ് കാലത്തും പലിശയിളവില്ല
: പ്രളയസെസ് കുടിശ്ശിക വരുത്തിയ വ്യാപാരികളിൽനിന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് കോവിഡ് കാലത്തും പലിശയീടാക്കുന്നു.
പ്രളയ സെസ് ഈ മാസം അവസാനിക്കാനിരിക്കെയാണ് കുടിശ്ശിക വരുത്തിയവരിൽനിന്ന് വ്യാപകമായി പലിശപിരിക്കുന്നത്.
കോവിഡിൽ കച്ചവടം കുത്തനെ കുറഞ്ഞ വ്യാപാരികൾക്ക് ഇതു കനത്ത ആഘാതമായി.
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയോളം തുക രണ്ടുവർഷംകൊണ്ട് സെസായി പിരിച്ചിട്ടും കോവിഡ്‌മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശയിളവു നൽകിയില്ലെന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
1,000 കോടി രൂപ സെസായി പിരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ 1,700 കോടി രൂപയിലധികം ലഭിച്ചു.
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനായിരുന്നു 2019 ഓഗസ്റ്റ് മുതൽ സെസ് ഏർപ്പെടുത്തിയത്.
ഇതിനോടു വ്യാപാരികൾ നല്ലരീതിയിൽ സഹകരിക്കുകയുംചെയ്തു.
എന്നാൽ, കോവിഡ് തുടങ്ങിയതുമുതൽ വ്യാപാരമേഖല പ്രതിസന്ധിയിലായി. പല ദിവസങ്ങളിലും കടകൾ അടഞ്ഞുകിടക്കുകയായിരുന്നു.
ഇളവുവരുമ്പോഴാണ് അല്പമെങ്കിലും കച്ചവടം നടന്നത്. ഇക്കാലയളവിലെ സെസ് അടയ്ക്കാൻ വൈകിയവരിൽനിന്നാണ് പലിശയീടാക്കുന്നത്.
