സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് സ്കൂളിന്
കാഞ്ഞിരപ്പള്ളി: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം സ്കൂള്‍ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് സ്കൂളിന് ലഭിച്ചു. 2019-20 വര്‍ഷത്തില്‍ സ്കൂളിലെ ജീവന് ജൈവ വൈവിധ്യ ക്ലബ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി പുല്ലത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ വൈവിധ്യ സംരക്ഷണ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
പരിസ്ഥിതി മലിനീകരണം മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണിനും മനുഷ്യനും ജീവനേകുവാന്‍ രൂപീകരിച്ച സ്കൂളിലെ ജീവന് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പുല്ല് എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം, മാഗസിനുകള്‍ എന്നിവ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു.
ജൈവവൈവിധ്യ പാര്‍ക്ക്, രജിസ്റ്റര്‍, പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള വിവിധ പദ്ധതികള്‍, ഗ്രീന്‍ ലേഡി വോക്ക്, ക്വീന്‍ ഗ്രീന്‍, പപ്പായ ഫെസ്റ്റ്, നാടന്‍ ഭക്ഷ്യ ഇനങ്ങളുടെ ഫെസ്റ്റ്, ഭക്ഷ്യ ഇലകളുടെ ഫെസ്റ്റ്, വെള്ളീച്ചകള്ക്കെതിരേ പ്രയോഗിക്കുന്ന ജൈവ കീടനാശിനികളുടെ കണ്ടെത്തെല്‍, പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പുഴകളുടെയും മറ്റ് ജലസ്രോതസുകളുടെയും സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കലാസൃഷ്ടികള്‍ തുടങ്ങിയവയാണ് സ്കൂളിന് അവാര്‍ഡ് നേടി നല്‍കിയത്.
പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ പരിസ്ഥിതി അവലോകന യോഗത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ വിവിധ മാലിന്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
മാനേജന്‍ സിസ്റ്റര്‍ ജാന്‍സി മരിയ, പ്രഥമാധ്യപിക സിസ്റ്റര്‍ ഡയസ് മരിയ, ജീവന് ജൈവ വൈവിധ്യ ക്ലബ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി പുല്ലത്തില്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
