പാറത്തോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.09 ; നിയന്ത്രണങ്ങൾ കർശനമാക്കി, രണ്ട് വാർഡുകൾ അടച്ചു, വഴിയോരക്കച്ചവടങ്ങൾ നിരോധിച്ചു.
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത്തോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. 23.09 ആണ് പഞ്ചായത്തിലെ കോവിഡ് പരിശോധന നിരക്ക്. നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ച്, 15 വാർഡുകളും ചിറ്റടി – മാങ്ങാപാറ, കുന്നുംഭാഗം കോളനി റോഡുകൾ അടച്ചു.
ഓഗസ്റ്റ് ആറു വരെ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വ്യാഴാഴ്ച നടന്ന അവലോകയോഗത്തിൽ തീരുമാനിച്ചു. പലചരക്ക്, പച്ചക്കറി, പഴങ്ങൾ, ബേക്കറി, മത്സ്യമാംസ വിൽപ്പന കേന്ദ്രങ്ങൾ എന്നിവ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും.
മറ്റ് ഇതര കടകൾ, നിർമാണ സാമഗ്രികൾ, പ്ലംബിങ്, ഇലക്ട്രിക്കൽ, ടൈൽസ്, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പ്, വർക്ക് ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും.
മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടൽ എന്നിവ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ സൗകര്യം മാത്രമാണുള്ളത്. ഓട്ടോ ടാക്‌സികൾ സ്റ്റാൻഡിൽ കിടന്ന് സർവീസ് നടത്താൻ അനുവദിക്കില്ല. ആഹാര സാധനങ്ങൾ വിൽക്കുന്നവയുൾപ്പെടെയുള്ള വഴിയോരക്കച്ചവടങ്ങൾ നിരോധിച്ചു
