KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വ്യാപക മോഷണവും മോഷണശ്രമവും; വീട്ടിൽനിന്ന് ചോറ് മോഷ്ടിച്ച് കഴിച്ചു; കള്ളന്റെ ദൃശ്യങ്ങൾ സി.സി. ടിവിയിൽ

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് വ്യാപക മോഷണവും മോഷണശ്രമവും . രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ നാല് വീടുകളിൽ മോഷണവും, നാല് വീടുകളിൽ മോഷണശ്രമവും നടന്നു. ശനിയാഴ്ച പുലർച്ചെയും തിങ്കളാഴ്ച പുലർച്ചെയുമായിട്ടാണ് വിവിധ വീടുകളിലായി മോഷ്ടാക്കൾ എത്തിയത്. വരിക്കമാംതൊട്ടിയിൽ സജി, കല്ലുവേലിൽ ഷാജി, മഞ്ഞാക്കൽ ബാബു, മണ്ണുക്കുന്നേൽ റോജി എന്നിവരുടെ വീടുകളിൽ ശനിയാഴ്ച പുലർച്ചെയും കൊച്ചൊട്ടൊന്നിൽ ജോണി, എലിവാലിക്കരയിൽ ഉദയകുമാർ, തേനാംപൊയ്കയിൽ ജോഷി, പാറയിൽ രാജൻ, മുലയിൽ തോമാച്ചൻ എന്നിവരുടെ വീടുകളിൽ ഇന്നലെ പുലർച്ചെയുമാണ് മോഷണശ്രമം നടന്നത്.

സജിയുടെ വീട്ടിൽ നിന്ന് കുടയും ഷാജിയുടെ വീട്ടിൽനിന്ന് ചെരുപ്പും റോജിയുടെ വീട്ടിൽനിന്ന് ഷർട്ടും പാന്റ്സും ജോഷിയുടെ വീട്ടിൽനിന്ന് വാക്കത്തിയുമാണ് മോഷണം പോയിരിക്കുന്നത്. എലിവാലിക്കരയിൽ ഉദയകുമാറിന്റെ വീട്ടിൽ കയറി ചോറ് കഴിച്ച മോഷ്ടാവ് പാത്രങ്ങൾ കിണറ്റിലിട്ടു. മോഷ്ടാവ് വീടുകളിൽ കയറുന്നതിന്റെയും തിരികെ ഇറങ്ങിവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

കുന്നുംഭാഗം മറ്റത്തിൽപടി റോഡിലും കുന്നുംഭാഗം പൈനുങ്കൽപടി റോഡിലുമാണ് മോഷ്ടാക്കൾ വിലസുന്നത്. റോഡരികിലെ വീടുകളിലാണ് മോഷ്ടാവ് പ്രധാനമായും കയറിയിരിക്കുന്നത് . ഈ ഭാഗങ്ങളിൽ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികുടാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!