മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ നാടെങ്ങും വ്യാപക പ്രതിഷേധം
കാഞ്ഞിരപ്പള്ളി : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ നാടെങ്ങും വ്യാപക പ്രതിഷേധം. ഈ സംഭവം ഭരണഘടനയ്ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും രാജ്യത്ത് വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലകളിൽ നിസ്വാർഥ സേവനം ചെയ്യുന്ന സന്യാസി, സന്യാസിനികൾക്ക് എതിരെയുള്ള ഇത്തരം നീക്കം അപലപനീയമെന്നും വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകൾ അറിയിച്ചു . ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി .
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്‌റ്റർ പ്രീതി മേരി എന്നിവർ 4 ദിവസമായി ജയിലിലാണ്. ഛത്തീസ്‌ഗഡിലെ ദുർഗിൽ 3 യുവതികളെ ജോലിക്കായി കൊണ്ടുപോകാൻ എത്തിയപ്പോഴാണ് ഇവരെ റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ എഫ്ഐആറിൽ മനുഷ്യക്കടത്തും മതപരിവർത്തനക്കുറ്റവും ആണ് ചേർത്തിരിക്കുന്നത്. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ് .
മഹിളാകോൺഗ്രസ് പ്രതിഷേധം :
പൊൻകുന്നം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കാൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ വായ മൂടിക്കെട്ടി ധർണ നടത്തി. ജില്ലാപ്രസിഡന്റ് ബൈറ്റി ടോജോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ.റോണി കെ.ബേബി, പി.ജീരാജ്, സനോജ് പനക്കൽ, സേവ്യർ മൂലകുന്ന്, ഡാനി ജോസ്, പി.സി.ത്രേസ്യമ്മ, ജാൻസി ജോർജ്, റോസമ്മ അഗസ്തി, റൂബി സേതു, ഐശ്വരൃ ഉണ്ണി, അമ്പിളി രഞ്ജിത്ത്, ലൈസാമ്മ സണ്ണി, ഷൈമോൾ, ലൗലി, മിനി കുഴിമറ്റം, സൂരജ്ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള പ്രതികരണ വേദി പ്രതിഷേധം
പൊൻകുന്നം: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡൻ്റ് വിഴിക്കത്തോട് ജയകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ബിജു എന്നിവർ പ്രതിഷേധിച്ചു.
സന്യസ്തരെ ആൾക്കൂട്ട വിചാരണക്ക് ശേഷം ജയിലിൽ അടച്ചത് നിയമവാഴ്ചയുടെ തകർച്ചക്ക് തെളിവാണ്.സാമൂഹിക സേവനത്തിലുള്ള കന്യാസ്ത്രീകൾക്കെതിരായ നടപടി അപലപനീയമാണ്.ഈ നടപടിക്കെതിരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു
കത്തോലിക്ക കോൺഗ്രസ് പ്രതിഷേധം :
കാഞ്ഞിരപ്പള്ളി: ഛത്തീസ്‌ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരേ കത്തോലിക്ക കോൺഗ്രസ്. മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീത മേരി എന്നി വരെ മൂന്നു യുവതികളോടൊപ്പം ബജ്‌രംഗ്ദൾ അനുഭാവികൾ പോലീസിൽ ഏൽപ്പിച്ചത്. ക്രിസ്ത്യാനികൾക്കെതീരെ യാതൊരു അടിസ്ഥാനവുമില്ലാതെ രാജ്യമൊട്ടാകെ വളർന്നുവരുന്ന നിയമനടപടികൾ ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിവേര് അടർത്തുന്നതിനു തുല്യമാണ്. ക്രൈസ്‌തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ കേരളത്തിൽ സുരക്ഷിതരാണെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി മറിച്ചാണെന്ന് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമതി വിലയിരുത്തി.
രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ടെസി ബിജു പാഴിയാങ്കൽ, ജോജോ തെക്കുഞ്ചേരിക്കുന്നേൽ തുടങ്ങി യവർ പ്രസംഗിച്ചു.
ഡിസിഎംഎസ് വിജയപുരം രൂപതാ സമിതി
കാഞ്ഞിരപ്പള്ളി: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ഡിസിഎംഎസ് വിജയപുരം രൂപതാ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കുഷ്‌ഠരോഗികളെയും അനാഥരെയും സംരക്ഷിക്കുകയും അവർക്കുവേണ്ടി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളെ കള്ളക്കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത നിയമപാലകരെയും കൂട്ടുനിന്നവരെയും നിയമപരമായി ശിക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ഡിസിഎംഎസ് വിജയപുരം രൂപത ഡയറക്ടർ ഫാ. ജോസഫ് തറയിൽ, പ്രസിഡൻ്റ് ജോയ് ജോർജ് കുനാനിക്കൽ, സെക്രട്ടറി ടോമി പൂവത്തോലിൽ എന്നിവർ പ്രസംഗിച്ചു.
