അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട് – കുമ്മനം രാജശേഖരന്‍ ; പൊന്‍കുന്നം ടൗണില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വാ മൂടിക്കെട്ടി പ്രതിഷേധം സമരം നടത്തി
പൊന്‍കുന്നം: കോട്ടയം ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യം ഇല്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പൊന്‍കുന്നം ടൗണില്‍ വാ മൂടിക്കെട്ടി പ്രതിഷേധം സമരം നടത്തി. പ്രതിഷേധയോഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച കോട്ടയം ഈസ്റ്റ് ജില്ല അധ്യക്ഷന്‍ രതീഷ് ചെങ്കിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. അജികുമാര്‍, ജില്ലാ സെക്രട്ടറിമാരായ ജി. ഹരിലാല്‍, ടി.ബി. ബിനു, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി രാജ്കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കൊട്ടാരത്തില്‍, ജില്ലാ സെക്രട്ടറി എ.എസ്. റെജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയത്തില്‍ പ്രതിഷേധിച്ച് പൊന്‍കുന്നത്ത് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം അരി എവിടെ, പണി എവിടെ, തുണി എവിടെ എന്ന് കാലാകാലങ്ങളായി അലറിവിളിച്ച് ചോദിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ഓര്‍മ്മ ശക്തിയും യാഥാര്‍ത്ഥ്യബോധത്തെയും ചോദ്യം ചെയ്യുന്ന വഞ്ചനാപരമായ നിലപാട് ആണ് മുഖ്യമന്ത്രിയുടേത്.യാതൊരുവിധ ആധികാരിക പഠന റിപ്പോര്‍ട്ടും ഇല്ലാതെയാണ് ദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത്.
5.92 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണെന്ന് ഒരു മാസം മുമ്പ് നിയമസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രി എഴുതിക്കൊടുത്ത മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 19.3 ലക്ഷം പേര്‍ അതിദരിദ്രരായിട്ടുള്ള കേരളത്തില്‍ ഓരോരുത്തര്‍ക്കും അഞ്ച് കിലോ അരി വീതം സൗജന്യമായി കേന്ദ്രം നല്‍കുന്നു. ഒരുപിടി അരി മോഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് അട്ടപ്പാടിയില്‍ കുറെ പേര്‍ ചേര്‍ന്ന് അതിദരിദ്രനായ ആദിവാസി യുവാവ് മധുവിനെ അടിച്ചു കൊന്നത്. 4.85ലക്ഷം ആദിവാസികള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഫണ്ട് അനുവദിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
233 രൂപ മാത്രം പ്രതിദിന വരുമാനമുള്ള ആശാവര്‍ക്കര്‍മാരോട് നിഷേധാത്മക നയം സ്വീകരിക്കുന്ന സര്‍ക്കാര്‍, എല്ലാം ശരിയായി എന്ന് വീമ്പിളക്കുന്നത് അര്‍ത്ഥ ശൂന്യമായ നടപടിയാണ്. ഭൂരഹിതരായ മൂന്നുലക്ഷം പേര്‍ തെരുവില്‍ അലയുന്നു. കേരളത്തെ അന്നമുട്ടുന്ന നെല്‍കര്‍ഷകര്‍ അതിജീവനത്തിന് വേണ്ടി പട്ടിണികിടന്ന് പോരാടുമ്പോള്‍ അതിലൊന്നും ശ്രദ്ധിക്കാതെ സര്‍ക്കാര്‍ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
