KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം ; അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് , കേരളത്തിലെ ഏറ്റവും മികച്ച നാലാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി: കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്കായി നടപ്പിലാക്കിയ 2025-ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) നാലാം റാങ്ക് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്) മികച്ച നേട്ടം കൈവരിച്ചു.

ഒന്നാം റാങ്ക് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (CET) , നേടിയപ്പോൾ, രണ്ടാം റാങ്ക് കൊല്ലം TKM എഞ്ചിനീറിംഗ് കോളേജും , മൂന്നാം റാങ്ക് രാജഗിരി എഞ്ചിനീയറിംഗ് കോളേജും നേടി. വളരെ ചെറിയ മാർജിനാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് മൂന്നാം റാങ്ക് നഷ്ടമായത് . എങ്കിലും കേരളത്തിലെ ഏറ്റവും മികച്ച നാലാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആയി അമൽ ജ്യോതി കോളേജ് തിരഞ്ഞെടുക്കപ്പെട്ടത് നാടിന് ഏറെ അഭിമാനമാണ് .

2026 മാർച്ച് 7-ന് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് റാങ്കിംഗ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മാനേജ്‌മെന്റ് പ്രതിനിധി ഫാ. ഡോ. സിജു ജോൺ, ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ ഡോ. നിമി ആൻ വിൻസെന്റ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഏറ്റവും പുതിയ റാങ്കിംഗ് ഫലങ്ങൾ പ്രകാരം, 2025-ൽ ഒൻപതാം സ്ഥാനത്തായിരുന്ന കോളേജ് 2026-ൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് ശ്രദ്ധേയമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്. മികച്ച അധ്യാപക-വിദ്യാർത്ഥി അനുപാതം, അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ, നവീന ആശയങ്ങൾക്കും സംരംഭകത്വത്തിനും നൽകുന്ന മുൻഗണന, മികച്ച പ്ലേസ്‌മെന്റ് – ഉപരിപഠന സാധ്യതകൾ, ക്യാമ്പസിലെ വിദ്യാർത്ഥി വൈവിധ്യം എന്നീ വിഭാഗങ്ങളിൽ ഉയർന്ന സ്കോറുകൾ നേടിയാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്.

കൂടാതെ, പേറ്റന്റ് സംബന്ധമായ സംഭാവനകൾക്കുള്ള വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും കോളേജ് കരസ്ഥമാക്കി. നാക് (NAAC) A+ ഗ്രേഡ് അംഗീകാരമുള്ള അമൽ ജ്യോതിയിൽ ഏഴ് എൻ.ബി.എ (NBA) അക്രഡിറ്റഡ് പ്രോഗ്രാമുകളുണ്ട്. നവീനമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ മേഖലയുമായുള്ള ശക്തമായ സഹകരണം, മികച്ച പ്ലേസ്‌മെന്റ് സൗകര്യങ്ങൾ എന്നിവയിലൂടെ കേരളത്തിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാറിക്കഴിഞ്ഞു.

error: Content is protected !!